മലയാളി തീര്‍ത്ഥാടകരടക്കം മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം നാളെ നാട്ടിലേക്ക്
മദീന: മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര നാളെ മുതല്‍ ആരംഭിക്കും. കേരള ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി തീര്‍ത്ഥാടക സംഘമാണ് മദീനയില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്ന ആദ്യ ഇന്ത്യന്‍ സംഘം. കൊച്ചിയില്‍ നിന്നും ആദ്യ വിമാനത്തിലെത്തിയ 450 പേരാണ് ആദ്യ മടക്കയാത്രയിലുള്ളത്. ആദ്യ ദിവസമായ ഇന്ന് ഒരു വിമാനവും പിന്നീടുള്ള ദിവസങ്ങളില്‍ ദിവസേന രണ്ടു സര്‍വ്വീസുകളുമാണുണ്ടാവുക. ഒക്ടോബര്‍ പതിനാറിനാണ് അവസാന വിമാനം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയില്‍ നിന്നും മക്കയിലെത്തിയ കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 10584 തീര്‍ത്ഥാടകര്‍ മദീനയില്‍ നിന്നുമാണ് മടങ്ങുന്നത്. ഇതില്‍ പകുതിയിലധികം പേരും ഇപ്പോള്‍ തന്നെ ഹജ് കഴിഞ്ഞ് മദീനയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും 10227 പേരും ലക്ഷദ്വീപില്‍ നിന്നം 289 പേരും മാഹിയില്‍ നിന്നും 28 പേരുമാണ് കൊച്ചിയില്‍ നിന്നും മക്കയിലെത്തിയത്.
ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ 33000 ലധികം തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ ജിദ്ദയില്‍ നിന്നും മടങ്ങിയിട്ടുണ്ട്. ദിവസേന 3500 ഓളം ഹാജിമാരാണ് ഇവിടെ നിന്നും യാത്രതിരിക്കുന്നത്. ഇതു വരെ 13 മലയാളികളടക്കം 109 ഇന്ത്യന്‍ ഹാജിമാര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ 14 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ വന്നവരാണ്. 13500 തീര്‍ത്ഥാടകര്‍ 70 വയസിനു മുകളിലുള്ളവരാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മരണ നിരക്ക് വളരെ കുറവാണ്. മൂന്നു ജനനവും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."