തെരുവുനായ വന്ധ്യംകരണം; മോണിറ്ററിങ് കമ്മിറ്റി രൂപീകരണം അടുത്തമാസം
കണ്ണൂര്‍: എ.ബി.സി പദ്ധതിക്കായി പാപ്പിനിശ്ശേരിയില്‍ തെരുവുനായ വന്ധ്യംകരണത്തിനുള്ള സജ്ജീകരണങ്ങള്‍ തയാറായിക്കഴിഞ്ഞതായും പദ്ധതി ഓരോ വാര്‍ഡിലും നടപ്പാക്കുന്നതിനു പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വെറ്ററിനറി ഓഫിസര്‍ കണ്‍വീനറുമായി ഒക്‌ടോബര്‍ 10നകം വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതി, തെരുവുനായ വന്ധ്യംകരണത്തിനുള്ള എ.ബി.സി പദ്ധതി, സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതി തുടങ്ങിയവയുടെ വിജയത്തിന് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ഓരോ ഡിവിഷനിലെയും സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളില്‍ വികസന സമിതി രൂപീകരിക്കും. ഇതിനു മുമ്പായി ഡിവിഷന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഓരോ പഞ്ചായത്തിലെയും ഒരു വാര്‍ഡ് വീതം തെരഞ്ഞെടുത്ത് ഒക്‌ടോബര്‍ 10നകം ജില്ലാ പഞ്ചായത്തിന് വിവരം കൈമാറണം. അടുത്ത സെപ്റ്റംബറോടെ ജില്ലയെ സമ്പൂര്‍ണ ഇ-സാക്ഷരതാ ജില്ലയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജില്ലയിലെ പകല്‍വീടുകള്‍ കൂടുതല്‍ വയോജനസൗഹൃദങ്ങളാക്കുന്നതിനായി വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിന് കൈമാറണമെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കെ ശോഭ, സി.പി പത്മരാജ്, കെ ബാലകൃഷ്ണന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പി.എന്‍ ബാബു, കെ.വി ഗോവിന്ദന്‍, എം.കെ ശ്രീജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."