ഒരു യുഗം അവസാനിക്കുന്നു... ബ്ലാക്ക്‌ബെറി ഫോണ്‍ പടിയിറങ്ങുന്നു
ഒരു കാലത്ത് പ്രൗഡിയുടെ പര്യായമായിരുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ ഓര്‍മയാകുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ നിന്നു ബ്ലാക്ക്‌ബെറി പിന്മാറുന്നു.
കമ്പനി സിഇഒ ജോണ്‍ ചെന്‍ ആണ് ബ്ലാക്ക്‌ബെറി ആരാധകരെ നിരാശയിലാഴ്ത്തുന്ന ഈ തീരുമാനം ലോകത്തെ അറിയിച്ചത്. 'കമ്പനി സ്വന്തമായി ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കില്ല. പകരം മറ്റു കച്ചവട പങ്കാളികള്‍ക്ക് വേണ്ടി ഫോണ്‍ നിര്‍മ്മിച്ച് നല്‍കും. കൂടാതെ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും'.കമ്പനി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ രാജാവായിരുന്നു ഒരു കാലത്ത് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറി ഫോണുകള്‍ കൈയില്‍ കൊണ്ടു നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒരു അലങ്കാരവുമായിരുന്നു . പക്ഷെ കാലക്രമത്തില്‍ അപ്ലിക്കേഷന്‍ അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മറ്റു കമ്പനികളോട് മത്സരിച്ചു മുന്നേറാന്‍ ഈ കനേഡിയന്‍ കമ്പനിക്കായില്ല.
സാംസങ്ങും, സോണിയും, ഐഫോണുമൊക്കെ കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി അരങ്ങുവാണപ്പോള്‍ കിതച്ചുകൊണ്ടു നോക്കി നില്‍ക്കാനേ ബ്ലാക്ക്‌ബെറിക്കായുള്ളൂ. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കമ്പനി നഷ്ട്ടം രേഖപ്പെടുത്തി. ഈ നഷ്ട്ടത്തില്‍നിന്നു കരകയറാന്‍ ഒരിക്കലും കമ്പനിക്കായതുമില്ല. ഇതോടെയാണ് കമ്പനിക്ക് മരണമണി മുഴങ്ങുന്നത്.
ഫോണ്‍ നിര്‍മാണം നിര്‍ത്തുന്നതോടെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ കമ്പനിയില്‍നിന്നു മാറി ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായി തുടരാനാണ് ബ്ലാക്ക്‌ബെറിയുടെ തീരുമാനം. ഭാവിയില്‍ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ടിസിഎല്‍, അല്‍ക്കാടെല്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് അവര്‍ക്കു വേണ്ട ഔട്ട്‌സൊഴ്‌സിംഗ് ജോലികളുമായി കമ്പനി മുന്നോട്ടു പോകും. അങ്ങിനെ വലിയ നഷ്ട്ടം കൂടാതെയുള്ള കച്ചവടമാണ് തുടര്‍ന്ന് കമ്പനി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."