പാലമരത്തിന് മുകളിലൂടെ വെള്ളം ഒഴുകി; നാട്ടുകാര്‍ക്ക് കൗതുകമായി
പള്ളിക്കല്‍: പാലമരത്തിനു മുകളിലൂടെ വെള്ളം ഒഴുകിയെത്തിയതു നാട്ടുകാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ആശങ്കയും കൗതുകവും ഉളവാക്കി. ദേശീയപാതയില്‍ കാക്കഞ്ചേരിക്കടുത്ത് സ്പിന്നിംഗ് മില്‍ ടൗണിനു സമീപം റോഡരികിലുള്ള പാലമരത്തില്‍ മൂന്നു മീറ്ററോളം ഉയരത്തില്‍ നിന്നും മരത്തിന്റെ താഴ്ഭാഗം വേരിനിടയില്‍ നിന്നുമാണു വെള്ളം ശക്തിയായി ഒഴുകി വന്നത്. അല്പ സമയത്തിന് ശേഷം വെള്ളത്തിന്റെ വരവു നില്‍ക്കുകയും ചെയ്തു.
കാഴ്ച കാണാന്‍ നാട്ടുകാരും വാഹനയാത്രക്കാരും സംഭവ സ്ഥലത്തേക്കൊഴുകിയെത്തി. ഇന്നലെ ഉച്ചയോടെയാണു സംഭവം. ശക്തി കുറഞ്ഞ രീതിയില്‍ മറ്റു ദിവസങ്ങളിലും ഇങ്ങിനെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മരത്തിനടിയിലൂടെ കടന്നു പോകുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ വെള്ളം പൈപ്പില്‍ പമ്പ് ചെയ്യുമ്പോഴായിരിക്കാം ഇങ്ങിനെ സംഭവിക്കുന്നതെന്നാണു നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.
പൊട്ടിയ പൈപ്പില്‍ നിന്നും മരത്തിന്റെ ഉള്‍ഭാഗത്തുള്ള വിടവിലൂടെ വെള്ളം മുകളിലെത്തി പുറത്തേക്കൊഴുകുന്നതായിരിക്കാമെന്ന നിഗമനത്തിലാണു നാട്ടുകാര്‍. വിവരം വാട്ടര്‍ അതോറിറ്റിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."