കടല്‍ക്കൊല: നാട്ടില്‍ താമസിക്കാന്‍ നാവികന് കാലാവധി നീട്ടി നല്കി
ന്യൂഡല്‍ഹി: കേരളത്തിലെ കടല്‍ത്തീരത്തു വച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനു നാട്ടില്‍ തങ്ങാനുള്ള കാലാവധി സുപ്രിംകോടതി നീട്ടിനല്‍കി. നട്ടില്‍ കഴിയാനുള്ള കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് നിലവില്‍ ഇറ്റലിയില്‍ കഴിയുന്ന മാസ്സിമിലാനോ ലത്തോറെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. കേസ് നിലവില്‍ രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയുടെ മുമ്പാകെയുള്ളതിനാല്‍ അതു തീര്‍പ്പാവുന്നതു വരെ നാട്ടില്‍ താമസിക്കാന്‍ മാസ്സിമിലാനോക്ക് ജസ്റ്റിസുമാരായ അനില്‍ ആര്. ദവേ, കുര്യന് ജോസഫ്്, അമിതവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. പക്ഷാപാതം പിടിപെട്ട് നാട്ടില്‍ പോയ മാസ്സിമിലാനോയുടെ നാട്ടില്‍ കഴിയാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മൂന്നംഗബെഞ്ചിന്റെ നടപടി. 2014 സെപ്റ്റംബറില്‍ നാട്ടിലേക്കു പോയ മാസിമിലാനോക്ക് പലതവണയായി അവിടെ തന്നെ തങ്ങാനുള്ള കാലാവധി നീട്ടി നല്‍കുകയായിരുന്നു.
കേസില്‍ മാസ്സിമിലാനോയുടെ കൂട്ടുപ്രതിയായ സാല്‍വത്തൊറെ ജിറോണിന് നാട്ടിലേക്കു പോകാന്‍ മെയ് മാസത്തില്‍ കോടതി അനുമതി നല്‍കിയിരുന്നു. രാജ്യാന്തര കോടതിയില്‍ കേസ് തീര്‍പ്പാവുന്നതുവരെ ഇറ്റലിയില്‍ കഴിയാനാണ് സല്വത്തൊറെ ജിറോണിനും സുപ്രിംകോടതി അനുമതി നല്‍കിയിരുന്നത്. ജിറോണിനു നല്കിയ അതേ ജാമ്യവ്യവസ്ഥകള്‍ കൂട്ടുപ്രതിക്കും ബാധകമാണെന്നു ഇന്നലെ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."