പ്രധാനമന്ത്രി ആശയം വ്യക്തമാക്കണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
തൊടുപുഴ: മുസ്‌ലിംകളെ ശുദ്ധീകരിക്കണമെന്ന പ്രഖ്യാപനത്തിന്റെ ആശയം എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ അന്നസീം സമിതി യോഗം ആവശ്യപ്പെട്ടു. ഇസ്‌ലാമിക സംസ്‌കാരത്തെ ശുദ്ധീകരിക്കണമെന്ന് പറയാന്‍ ലോകത്ത് ഒരു ശക്തിക്കും ഒരു ഭരണാധികാരിക്കും അവകാശമില്ല. പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രഖ്യാപനം ഇന്ത്യന്‍ മുസ്‌ലിംകളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. പ്രമേയത്തിന്റെ കോപ്പി പ്രധാനമന്ത്രിക്ക് അയക്കും. നിരപരാധികളെ കൊന്നൊടുക്കുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്യുന്ന ഐ എസ് ഇസ്‌ലാമിക വിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസ മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. അന്നസീം ചീഫ് എഡിറ്റര്‍ പി പി മുഹമ്മദ് ഇസഹാഖ് മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജിംഗ് എഡിറ്റര്‍ എന്‍ കെ അബ്ദുല്‍ മജീദ് മൗലവി, പത്രാധിപസമിതി അംഗങ്ങളായ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, വി എം അബ്ദുള്ള മൗലവി, പി എ സെയ്തുമുഹമ്മദ് മൗലവി, കെ എം ഈസല്‍ ഖാസിമി, ഹസന്‍ ബസരി മൗലവി, എ അലിയാര്‍കുഞ്ഞ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."