ഇടുക്കിയില്‍ സ്‌കൂളിന്റെ പടികാണാതെ 500 കുട്ടികള്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ സ്‌കൂളിന്റെ പടികാണാതെ 500 കുട്ടികള്‍. വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ് ആദ്യാക്ഷരം പോലും പഠിക്കാതെ കഴിയുന്നത്. സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ പഠനത്തിലാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അംഗന്‍വാടി അധ്യാപകര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്ന വീട് വീടാന്തരം കയറിയുളള പഠനം.
രാജ്യത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുളള സമഗ്ര വിവരശേഖരണ പദ്ധതി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. എല്ലാ കുട്ടികളും സ്‌കൂളില്‍ ചേര്‍ന്നു എന്നും അവരുടെ പഠന തുടര്‍ച്ചയും ഉറപ്പുവരുത്തുന്ന സ്റ്റുഡന്റ് ഡേറ്റാ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇതോടനുബന്ധിച്ച് നടപ്പാക്കും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം മുതല്‍ ത്രിതല പഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സമൂഹത്തിനും രക്ഷിതാക്കള്‍ക്കും സഹായകമായ വിധത്തില്‍ വിശ്വസനീയമായ രീതിയില്‍ വിവരശേഖരണം നടത്തി സൂക്ഷിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നത് സമഗ്രമായ ആസൂത്രണത്തിന് സഹായകമാകും.
ജില്ലയില്‍ പീരുമേട്, കട്ടപ്പന തോട്ടം തൊഴിലാളി മേഖലകളിലായി അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി 14 പ്രത്യേക പരിശീലന കേന്ദ്രങ്ങളാണ് ഉള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കണ്ടെത്തിയ 175 കുട്ടികള്‍ തുടര്‍ന്നും ഈ സെന്ററുകളില്‍ പഠനം നടത്തിവരുകയും ഈ അധ്യയന വര്‍ഷം കണ്ടെത്തിയ 500ഓളം കുട്ടികള്‍ പുതുതായി ഈ സെന്ററുകളില്‍ പഠനം നടത്തുകയും ചെയ്യുന്നു. അസം മേഖലയില്‍ നിന്നുമാണ് കൂടുതലായും തോട്ടം തൊഴിലാളികള്‍ പ്രസ്തുത മേഖലയില്‍ ഉള്ളത്. മാതൃഭാഷാബോധനം കുട്ടിയുടെ അവകാശമെന്നിരിക്കെ, ആസ്സാമീസ് ഭാഷയിലുള്ള വിദ്യാഭ്യാസ വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സമഗ്ര വിവരണ ശേഖരണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തേണ്ടത് രാജ്യത്തെ എല്ലാ കുട്ടികളുടേയും അവകാശമാണ് എന്ന അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് യൂഡയസ് ദിനാചരണം നടത്തും. ജില്ലയിലെ യു ഡയസ് ദിനാചരണം ഇന്ന് രാവിലെ 9.30ന് ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."