കലക്ടറുടെ ഇടപെടലില്‍ മാലിന്യമുക്തമാകാന്‍ കലക്ടറേറ്റ്
കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കാന്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നിര്‍ദേശം. കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന സ്ഥലങ്ങള്‍ നേരില്‍ കണ്ട ശേഷമായിരുന്നു കലക്ടറുടെ നടപടി.
ആദ്യപടിയായി മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യും. ഒക്‌ടോബര്‍ രണ്ടിന് കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ശുചീകരണ യജ്ഞം നടത്തും.
മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി കോര്‍പറേഷന്റെ സഹായം തേടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
മാലിന്യം തള്ളാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതിനായി എല്ലാ ഓഫിസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റുകള്‍ സ്ഥാപിക്കും. എല്ലാ ദിവസവും ഓഫിസുകളിലെ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശുചിത്വമിഷന് നിര്‍ദേശം നല്‍കി.
കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായിക്കിടക്കുന്ന ടോയ്‌ലറ്റുകള്‍ ഉടന്‍ നവീകരിക്കും.
ഇതിനു മുന്നോടിയായി കലക്ടറേറ്റിന് പുറത്ത് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് നടത്താന്‍ ഏജന്‍സിയെ ഏല്‍പ്പിക്കും. ഇതിലേക്കുള്ള ചെലവ് കണ്ടെത്തുന്നതിനായി ഇവിടെ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വെള്ളംകെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ നവീകരിക്കാനും സ്ലാബുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ വൈകുന്നേരം നാലിന് വകുപ്പു മേധാവികളുടെ യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."