മഞ്ചേശ്വരത്ത് ദമ്പതികളെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ നാലുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം (കാസര്‍കോട്): മഞ്ചേശ്വരം കടമ്പാര്‍കട്ടയില്‍ ദമ്പതികളെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ കേസില്‍ നാലുപേരെ കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുണ്ടുകുള്‍ക്കെയിലെ ആബിദ മന്‍സിലില്‍ മൊയ്തീന്‍ അന്‍സാര്‍ എന്ന അഞ്ചു (23), തുമ്മിനാട് ഹില്‍ടോപ്പ് നഗറിലെ സാക്കി മന്‍സിലില്‍ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് എന്ന മുബാറക് (26), ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരെയാണ് കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്‍പതിനു പുലര്‍ച്ചെ കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടിയെയും ഭാര്യ മഹാലക്ഷ്മിയെയും ബന്ദിയാക്കി 19 പവന്‍ സ്വര്‍ണാഭരണവും പണവും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കവര്‍ന്ന കേസിലെ പ്രതികളാണ് ഇവര്‍. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.
കഴിഞ്ഞ ഒന്‍പതിനു പുലര്‍ച്ചെ രണ്ടു മണിക്ക് വീടിന്റെ പിന്‍വാതില്‍ തകര്‍ത്തു അകത്തു കടന്നാണ് സംഘം കവര്‍ച്ച നടത്തിയത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രവീന്ദ്രനാഥ ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടശേഷം 19 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കവര്‍ച്ച ചെയ്യുകയായിരുന്നു. മോഷ്ടിച്ച കാര്‍ തൊട്ടടുത്ത ദിവസം കര്‍ണാടകയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ച ചെയ്ത 22,000 രൂപയും ഒരു സ്വര്‍ണമാലയും ഒരു വജ്ര മോതിരവും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കി മോഷണമുതലുകള്‍ കണ്ടെത്താനാവുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു. കേസന്വേഷിക്കുന്ന കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പ്രമോദ്, ഷാഡോ പൊലിസ് അംഗങ്ങളായ എസ്.ഐ ഫിലിപ്പ്, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് നേരത്തെ മഞ്ചേശ്വരത്ത് പൊലിസുകാരനെ ആക്രമിച്ച കേസില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."