രണ്ടുകോടിയിലേറെ പണം പിരിച്ചെടുത്ത് വഞ്ചിച്ചതായി ആരോപണം
തൃശൂര്‍: പൂത്തോള്‍ റോഡിലെ എ.എം.എ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റോളണ്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് നൂറിലേറെ പേരില്‍ നിന്ന് രണ്ടുകോടിയിലേറെ പണം പിരിച്ചെടുത്ത് വഞ്ചിച്ചതായി പണം നഷ്ടപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊലിസില്‍ പരാതി നല്‍കിയപ്പോള്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. കുറിസംഖ്യ മുഴുവനായി അടച്ചു തീര്‍ത്തവര്‍ പണത്തിനായി കമ്പനിയില്‍ ചെന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാളായ ശ്രീജാ ഹരിദാസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വെസ്റ്റ് പൊലിസിനെ സമീപിച്ചെങ്കിലും കുറിക്കമ്പനിയുടമകള്‍ക്ക് സഹായകമായ വിധത്തില്‍ നിസ്സംഗമായാണ് പൊലിസ് പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ചെയര്‍മാന്‍ എളത്തോളി സുരേഷ് ബാബു, മാനേജിങ് ഡയറക്ടര്‍ നാരങ്ങളില്‍ അനില്‍നാഥ്, ഡയറക്ടര്‍ ചുള്ളിപ്പറമ്പില്‍ ജയജിത്ത് എന്നിവര്‍ ചേര്‍ന്നാണ് കുറിക്കമ്പനി നടത്തുന്നത്. കുറിയടച്ച തുക ലഭിക്കാന്‍ തുടര്‍ച്ചയായി കമ്പനിയെ സമീപിച്ചപ്പോള്‍ അന്‍പതോളം പേര്‍ക്ക് ചെക്കുകള്‍ എഴുതി നല്‍കിയെങ്കിലും ഇവയും ബാങ്കില്‍ നിന്ന് മടങ്ങിയതായി പണം നഷ്ടപ്പെട്ട ഹരിദാസ് പറഞ്ഞു. പവ്യാജചെക്ക് നല്‍കി കബളിപ്പിച്ച വിവരമറിഞ്ഞ് കുറി ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. പണം തരാന്‍ പറ്റില്ലെന്നും നിങ്ങള്‍ പോയി കേസ് കൊടുത്തോളൂ എന്നുമാണ് അവര്‍ പറഞ്ഞത്. ഇനി കോടതിയെ സമീപിക്കുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് ഇവര്‍ പറഞ്ഞു. രമേഷ്, ജിജോ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."