ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഫോട്ടോ മാറി; വെട്ടിലായി പരാതിക്കാരന്
വടകര: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമതു കാര്‍ഡ് ലഭിക്കാന്‍ പരാതിയുമായെത്തിയയാള്ക്ക് വകുപ്പിന്റെ പ്രഹരം. അധികൃതര്‍ ഇവരുടെ നമ്പറില്‍ പരിശോധിച്ചപ്പോള്‍ കാര്‍ഡില്‍ ഇയാളുടെ ഫോട്ടോയ്ക്കു പകരം മറ്റൊരു ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത്.
ഇതിനെ തുടര്‍ന്നാണ് ഫോട്ടോ മാറിയതിനാല്‍ പകരം മറ്റൊരു കാര്‍ഡ് ലഭിക്കില്ലെന്നു വകുപ്പ് അധികൃതര്‍ മറുപടി നല്‍കിയത്. വടകര നടക്കുതാഴെയിലെ വള്ളുപറമ്പത്ത് ബാലനാണ് ഫോട്ടോ മാറിയതിനാല്‍ പകരം കാര്‍ഡ് ലഭിക്കില്ലെന്ന് മറുപടി ലഭിച്ചത്.
കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്നു ബാലനും ഭാര്യയും കോഴിക്കോട് വൈ.എം.സി.എ റോഡിലുള്ള ഓഫിസില്‍ പോയി പകരം കാര്‍ഡിനായി പരാതിയും അപേക്ഷയും നല്‍കിയിരുന്നു.
പകരം കാര്‍ഡ് ലഭിക്കില്ലെന്നുള്ള മറുപടിയും ഓഫിസില്‍ നിന്ന് ലഭിച്ചു. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ സംഭവിച്ച പിഴവു മൂലം മാറിയതെന്നാണ് സംശയം. എന്നാല്‍ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും നിശ്ചയമില്ല.
ഇതോടെ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് ബാലന്.
ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ബാലനു കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ ചികിത്സ തുടരുന്നതിനുള്പ്പെടെ പ്രയാസം നേരിടുകയാണ്. കാര്‍ഡ് കൈയിലുള്ളതിനാലാണ് ഇതുവരെ നിത്യരോഗികളായ ബാലന്റെയും ഭാര്യയുടെയും ചികിത്സ നടന്നത്. ബാലനും ഭാര്യയുമുള്‍പ്പെടെ അഞ്ചു പേരാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."