നാളെ മുതല്‍ സഊദി പ്രവാസികള്‍ക്ക് ചെലവേറും
നിര്‍ത്തലാക്കുന്നത് ഏഴിനങ്ങളിലെ സബ്‌സിഡികള്‍
വര്‍ധിപ്പിച്ച വിസ നിരക്കും നിലവില്‍ വരും
റിയാദ്: ഒക്ടോബര്‍ രണ്ടു മുതല്‍ പ്രവാസികള്‍ക്ക് ജീവിത ചെലവേറും. കടുത്ത സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ ഏഴോളം ഇനങ്ങളിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് വിവരം. വിസ നിരക്കില്‍ വന്‍ വര്‍ധനവു വരുത്തിയതിനു പുറമെയാണിത്.
2013 ല്‍ സഊദി മന്ത്രിസഭ പ്രഖ്യാപിച്ച ഏഴ് സേവനങ്ങളുടെ സബ്‌സിഡികളാണ് തത്കാലം ഈ ഹിജ്‌റ വര്‍ഷം മുതല്‍ നിര്‍ത്തിവെക്കുന്നത്. സാമ്പത്തിക മുന്നേറ്റത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രതികൂല സാഹചര്യത്തില്‍ നിര്‍ത്തിവെക്കുന്നുവെന്നാണ് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടത്. സബ്‌സിഡികള്‍ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും എക്കാലത്തും തുടര്‍ന്നുപോകാന്‍ കഴിയില്ല.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ലഭ്യമായിരുന്ന സബ്‌സിഡികള്‍ നിര്‍ത്തിവെക്കുന്നതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാകുമെന്ന് മറ്റൊരു അംഗം ഡോ: ഫഹദ് അല്‍ അനസി പറഞ്ഞു.
വിദേശി ജോലിക്കാരുടെയും ആശ്രിതരുടെയും വിസ, സന്ദര്‍ശന വിസ, റീഎന്‍ട്രി വിസ, ഹജ് ഉംറ വിസ, എന്നിവക്ക് ഏര്‍പ്പെടുത്തിയ വന്‍ ഫീസ് വര്‍ധനവിനു പുറമെ വാഹന രജിസ്‌ട്രേഷന്‍ ഫീസ്, വാഹന ഉടമസ്ഥാവകാശ കൈമാറ്റ ഫീസ്, ട്രാഫിക് പിഴകള്‍,193 ഇനങ്ങളുടെ കസ്റ്റംസ് തീരുവ, കപ്പല്‍ തുറമുഖ ഫീസ്, വീട്ടുവേലക്കാരുടെ ഇഖാമ പുതുക്കലും പുതിയത് എടുക്കലും, സ്വദേശി പാസ്‌പോര്‍ട്ട് ഫീസ് എന്നിവക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡികള്‍ പൂര്‍ണമായും എടുത്തു മാറ്റാനാണ് തീരുമാനം. സന്ദര്‍ശന വിസക്ക് കാലാവധിക്കനുസരിച്ച് 3000 റിയാല്‍ മുതല്‍ 8000 റിയാല്‍ വരെയും രണ്ടാം തവണ മുതല്‍ ഹജ്ജും ഉംറയും ചെയ്യുന്നവര്‍ക്ക് 2000 റിയാല്‍ ഫീസും, റീ എന്‍ട്രി വിസക്ക് അടിസ്ഥാന ഫീസായ 200 റിയാലിനു പുറമെ രണ്ട് മാസത്തിനു ശേഷമുള്ള ഓരോ മാസത്തിനും 100 റിയാല്‍ വീതവും അധിക ഫീസ് ഹിജ്‌റ വര്‍ഷം മുതല്‍ നിലവില്‍ വരും.
ഇതോടെ രാജ്യത്തെ ജീവിത ചെലവില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.വര്‍ധിപ്പിച്ച വിസ നിരക്കും നിലവില്‍ വരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."