കുണ്ടള അണക്കെട്ട് 'ഡ്രിപ്പില്‍' ഉള്‍പ്പെടുത്തി നവീകരിക്കുന്നു ബോട്ടിങ് നിര്‍ത്തിവച്ചത് വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടി
തൊടുപുഴ: കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിലുള്ള കുണ്ടള സേതുപാര്‍വതി ഡാം ലോക ബാങ്ക് പദ്ധതിയായ ഡ്രിപ്പില്‍ (ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) ഉള്‍പ്പെടുത്തി നവീകരിക്കുന്നു. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന്റെ സ്റ്റോറേജ് ഡാമാണ് കുണ്ടള.
1946ല്‍ നിര്‍മിച്ചതാണ് കുണ്ടള അണക്കെട്ട്. മണ്ണുകൊണ്ടുള്ള ആര്‍ച്ച് ഡാമാണിത്. 160 ഏക്കര്‍ ചുറ്റളവില്‍ 60 അടി ഉയരത്തില്‍ വെള്ളം സംഭരിക്കാവുന്ന ഈ അണക്കെട്ട് ചുറ്റുമുള്ള മലനിരകളിലെ ഉറവകളാല്‍ വര്‍ഷം മുഴുവന്‍ ജലസമൃദ്ധമാണ്. ഒരു പുഴയുടെയും കുറുകെയല്ല കുണ്ടളയിലെ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. അണക്കെട്ടിന്റെ സമഗ്രനവീകരണമാണ് ഡ്രിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്. അണക്കെട്ടിന്റെ സുരക്ഷിതത്വം വര്‍ധിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അത്യാധുനിക ഉപകരണമായ സ്‌ട്രെസ് ആന്റ് സ്‌ട്രെയിന്‍ അപ്പാരറ്റസ് അടക്കം അണക്കെട്ടില്‍ സ്ഥാപിക്കും. ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ് തുടങ്ങിയവ പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിലേക്കുള്ള റോഡ് ഡബിള്‍ ട്രാഫിക് ലൈനാക്കും. കേന്ദ്ര ജല കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് കുണ്ടള അണക്കെട്ടിനെ പൂര്‍ണ സാങ്കേതിക കാര്യക്ഷമതയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുണ്ടളയില്‍ നിന്നും പ്രത്യേക ടണല്‍ വഴിയാണ് മൂന്ന് കിലോമീറ്റര്‍ താഴെയുള്ള മാട്ടുപ്പെട്ടി അണക്കെട്ടില്‍ വെള്ളമെത്തിക്കുന്നത്. ഇവിടെ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം മാട്ടുപ്പെട്ടി പുഴ വഴി മൂന്നാര്‍ ആര്‍ എ ഹെഡ്‌വര്‍ക്‌സ് ഡാമിലെത്തും. ഇവിടെ നിന്ന് പെന്‍സ്‌റ്റോക്ക് പൈപ്പുകള്‍ വഴി പള്ളിവാസല്‍ പവര്‍ഹൗസിലെത്തിച്ചാണ് 37.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അണക്കെട്ടില്‍ കെ.എസ്.ഇ.ബി യുടെ ഹൈഡല്‍ ടൂറിസം വിഭാഗം ഏര്‍പ്പെടുത്തിയിരുന്ന ബോട്ടിങ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ഇത് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കനത്ത തിരിച്ചടിയായി. ഇവിടുത്തെ കശ്മീരി ഷിക്കാര ബോട്ടുകള്‍ സ്വദേശ - വിദേശ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു. സ്വിറ്റ്‌സര്‍ലന്റിലേതിന് സമാനമാണ് കുണ്ടളയിലെ കാലവസ്ഥയെന്നാണ് വിദേശ സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."