സംഝോത കേസില്‍ രണ്ടുസാക്ഷികള്‍ കൂടി കൂറുമാറി
ന്യൂഡല്‍ഹി: സംഘപരിവാര പ്രവര്‍ത്തകരും നേതാക്കളും പ്രതിചേര്‍ക്കപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ രണ്ടുസാക്ഷികള്‍ കൂടി കൂറുമാറി. കഴിഞ്ഞദിവസം പഞ്ചുകുല ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ പ്രത്യേക കോടതിയില്‍ ഹാജരായ സാക്ഷികളില്‍ രണ്ടുപേരാണ് കൂറുമാറിയത്. ഇന്‍ഡോറിലെ കൃഷ്ണ, അയോധ്യയിലെ നാരായണ്‍ ദാസ് എന്നിവരാണ് കൂറുമാറിയത്.
കേസില്‍ പ്രോസികൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഇരുവരും നിഷേധിച്ചതായി എന്‍.ഐ.എ അഭിഭാഷകന്‍ രാജന്‍ മല്‍ഹോത്ര പറഞ്ഞു. ഇന്‍ഡോറിലെ സര്‍വസമ്പന്‍ നഗറില്‍ താമസിച്ചിരുന്ന കാലത്ത് കേസിലെ പ്രധാന പ്രതി അമിത് ചൗഹന്‍ അവിടെ കഴിഞ്ഞിരുന്നുവെന്നും, ഇക്കാലയളവില്‍ കേസിലെ മറ്റൊരുപ്രതി രാംജി എന്ന രാമചന്ദ്ര കല്‍സാംഗ്ര അവിടേക്കു പതിവായി വരുമായിരുന്നുവെന്നുമുള്ള മൊഴിയാണ് കൃഷ്ണ മാറ്റിപ്പറഞ്ഞത്.
സംഝോത സ്‌ഫോടനം ഉള്‍പ്പെടെ രാജ്യത്തെ ഹിന്ദുത്വ ആക്രമണങ്ങളിലെ പ്രധാന ആസൂത്രകനാണ് കല്‍സാംഗ്ര. ഇയാളും അമിത് ചൗഹാനും നിലവില്‍ ഒളിവില്‍ കഴിയുകയാണ്. കേസില്‍ പ്രതികളായ രാജേന്ദര്‍ ചൗധരിയെയും ധന്‍ സിങ്ങിനെയും തനിക്കു നേരത്തെ അറിയാമായിരുന്നുവെന്ന പഴയ മൊഴിയാണ് മറ്റൊരു സാക്ഷി നാരായണ്‍ ദാസ് മാറ്റിപ്പറഞ്ഞത്.
അയോധ്യയിലെ സീതാറാം ഭഗത് മാള്‍ ആശ്രമില്‍ കഴിയുമ്പോള്‍ ഈ രണ്ടുപ്രതികളും ആശ്രത്തില്‍ വന്നിരുന്നുവെന്ന് 2010ല്‍ നാരായണ്‍ ദാസ് എന്‍.ഐ.എ മുമ്പാകെ മൊഴിനല്‍കിയിരുന്നു.
അതേസമയം, രണ്ടുസാക്ഷികള്‍ കൂറുമാറിയപ്പോള്‍ മധ്യപ്രദേശുകാരനായ രാജേഷ്‌കുമാര്‍ വര്‍മ എന്ന സാക്ഷി നേരത്തെ എന്‍.ഐ.എക്കു മുമ്പാകെ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു. കേസില്‍ ആകെ 299 സാക്ഷികളാുള്ളത്. അതില്‍ 178 പേരെ വിസ്തരിച്ചപ്പോള്‍ 25 പേര്‍ കൂറുമാറി.
കൂറുമാറിയവരില്‍ പലരും പ്രധാന സാക്ഷികള്‍ ആയതിനാല്‍ സമാനരീതിയിലുള്ള മറ്റു കേസുകളെ പോലെ സംഝോത സ്‌ഫോടനക്കേസും ദുര്‍ബലമാവാനുള്ള സാധ്യത കൂടിവരികയാണ്. 2007 ഫെബ്രുവരിയിലാണ് പാകിസ്താനിലേക്കുള്ള സംഝോത എക്‌സ്പ്രസ്സില്‍ സ്‌ഫോടനമുണ്ടായത്. 68 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും പാകിസ്താന്‍ പൗരന്‍മാരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."