വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും
തലശ്ശേരി: കേരളത്തിനു പുറത്തുള്ള പതിമൂന്നോളം യൂനിവേഴ്സിറ്റികളിലെ ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചുനല്‍കിയ തലശ്ശേരി 'കടപ്പുറം' യൂനിവേഴ്സിറ്റിയെക്കുറിച്ചുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്മിച്ചുനല്കിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പിണറായി പാറപ്രം സ്വദേശി അജയനെയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ടിന്റു ബി. ഷാജിയെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷമായിരിക്കും ഇതരസംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം ആരംഭിക്കുക.
ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ ഉടന്‍ നല്‍കിയേക്കും. ഛത്തീസ്ഗഢ് യൂനിവേഴ്സിറ്റി സ്ഥാപിച്ചതിനു മുന്‍പുള്ള വര്‍ഷത്തില്‍ ഛത്തീസ്ഗഢ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദം ലഭിച്ചതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തലശ്ശേരി കടപ്പുറം ഭാഗത്തു പ്രവര്‍ത്തിച്ച വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്തതായും പൊലിസ് പറഞ്ഞു.
യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിനു മുന്‍പ് യൂനിവേഴ്സിറ്റിയില്‍ നിന്നും വര്‍ഷം തെറ്റിയുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ചതായും അന്വേഷണത്തല്‍ തെളിഞ്ഞിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലൂടെ പ്രതികള്‍ വന്‍തുക സമ്പാദിച്ചതായുള്ള തെളിവുകള്‍ക്കു വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും പൊലിസ് നടപടി തുടങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍തലത്തില്‍ വിവിധ തസ്തികകളില്‍ പ്രമോഷന് നേടിയവരുടെ വിവരവും അന്വേഷണസംഘം ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."