പൊലിസ് സ്റ്റേഷനില്‍ ആവശ്യമായ ജീവനക്കാരില്ല; കേസ് നടപടികള്‍ ഇഴയുന്നു
നാദാപുരം: കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന നാദാപുരം പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാരില്ല. ഇതേ തുടര്‍ന്നു സ്റ്റേഷനില്‍ എത്തുന്ന കേസിന്റെ നടപടികള്‍ വൈകുന്നു.
സ്ഥലം മാറ്റം,വിരമിക്കല്‍ എന്നിവ കാരണം ഉണ്ടായ ഒഴിവുകള്‍ നികത്താന്‍ കഴിയാത്തത് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ സ്റ്റേഷനിലെ പൊലിസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
സ്ഥിരം സംഘര്‍ഷ മേഖലയായ നാദാപുരത്ത് രണ്ടുമാസത്തിനുള്ളില്‍ മാത്രം കൊലപാതകം ഉള്‍പ്പെടെ നൂറിലധികം കേസുകളാണ് ഉടലെടുത്തത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു കോടതി നടപടികള്‍ക്കാവശ്യമായ തെളിവുകളും ചാര്‍ജ് ഷീറ്റുകളും തയാറാക്കേണ്ടതു മുതിര്‍ന്ന ഓഫിസര്‍മാരാണ്.
ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ ജോലികള്‍ ചെയ്യാന്‍ വളരെ കുറഞ്ഞ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റേഷനില്‍ ഉള്ളത്. ഇതേ തുടര്‍ന്നു കേസുകളുടെ അന്വേഷണം കൃത്യസമയത്തു പൂര്‍ത്തിയാക്കാന്‍ പൊലിസിന് കഴിയുന്നില്ല. നേരത്തെസംഘര്‍ഷ സമയത്ത് മറ്റു സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ മാറ്റി നിയമിച്ചായിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ജോലി ഏറ്റെടുക്കാന്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല . പ്രത്യേകിച്ച് നാദാപുരം പോലുള്ള പ്രശ്‌ന കേന്ദ്രങ്ങളില്‍. അടിക്കടി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അക്രമ സംഭവങ്ങള്‍ക്കിടെ നിരവധി കേസുകളാണ് ഇവിടെ ഉടലെടുക്കുന്നത്.
സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതിനാല്‍ അനുഭവപ്പെടുന്ന പ്രതിസന്ധി ചില്ലറയല്ല .ഇതു ക്രമസമാധാന പാലനത്തിനും പ്രയാസം സൃഷ്ടിക്കുന്നു.
ക്രമസമാധാന പാലനത്തിനു ആവശ്യമായ വിവരങ്ങള്‍ പൊലിസിന് കൈമാറിയിരുന്നത് സ്റ്റേഷന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ്.
സ്റ്റേഷന്‍ പരിധിയിലെ പരിചയ സമ്പന്നരായ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."