വിജിലന്‍സിനെതിരേ വിമര്‍ശനവുമായി ടോംജോസ്
തിരുവനന്തപുരം: വിജിലന്‍സിനെതിരേ പരസ്യപ്രസ്താവനയുമായി തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റുമായ ടോംജോസ് രംഗത്തെത്തി. തനിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നല്‍കിയ പരാതി മുഖ്യമന്ത്രി തള്ളിയതിനു പിന്നാലെയാണ് ടോംജോസിന്റെ പ്രസ്താവന.
ടെന്‍ഡറിനെയും ആഗോള ടെന്‍ഡറിനെയുംകുറിച്ച് യാതൊന്നും അറിയാത്തവരാണ് കേസ് അന്വേഷിക്കുന്നതെന്ന് ടോംജോസ് പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013-14 കാലഘട്ടത്തില്‍ കെ.എം.എം.എല്ലിലേക്ക് മഗ്‌നീഷ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്നുകാട്ടി വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് ടോംജോസിന്റെ പ്രതികരണം.
ടോംജോസ് കെ.എം.എം.എല്‍ എം.ഡി ആയിരിക്കെ നടത്തിയ വിവാദ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂനിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കെ.എം.എം.എല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.
കൂടാതെ മഹാരാഷ്ട്രയില്‍ ഭൂമി ഇടപാട് സംബന്ധിച്ചും ടോംജോസിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ രണ്ടു കേസുകളും അന്വേഷിക്കവെയാണ് ടോംജോസ് അസോസിയേഷനെ കൂട്ടുപിടിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ ചട്ടങ്ങള്‍ പാലിക്കാതെ കേസുകളെടുക്കുന്നുവെന്നായിരുന്നു പരാതി.
എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ നടപടി അഴിമതി ഇല്ലാതാക്കാനുള്ളതാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും തെറ്റുചെയ്തിട്ടില്ലെങ്കില്‍ എന്തിനു പേടിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാരിന്റെ നൂറുദിന ഭരണനേട്ടങ്ങളില്‍ പ്രധാനപങ്ക് വിജിലന്‍സിനുണ്ട് എന്നും മുഖ്യമന്ത്രി വിലയിരുത്തി.
തുടര്‍ന്നാണ് ഐ.എ.എസ് അസോസിയേഷന്‍ നല്‍കിയ പരാതി മുഖ്യമന്ത്രി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."