ഇന്ന് പന്തംകൊളുത്തി പ്രകടനം; സമരം ശക്തമാക്കും: യു.ഡി.എഫ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരേ എം.എല്‍.എമാരുടെ നിരാഹാര സത്യഗ്രഹം ഉള്‍പെടെ യു.ഡി.എഫ് നടത്തുന്ന സമരപരിപാടികള്‍ സംസ്ഥാനവ്യാപകമായി ശക്തമാക്കും. ഫീസ് വര്‍ധന പിന്‍വലിക്കുന്നതടക്കം പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്റെ തീരുമാനം.
സമരത്തിന്റെ തുടക്കംമുതല്‍ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും പരിഹാരമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് യോഗത്തിനുശേഷം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. നാളെ യു.ഡി.എഫ് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും യു.ഡി.എഫ് മാര്‍ച്ച് നടത്തും. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീണ്ടും യു.ഡി.എഫ് യോഗം ചേരും. നിയമസഭാ മന്ദിരത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന എം.എല്‍.എമാരുടെ ആരോഗ്യസ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ മറ്റ് എം.എല്‍.എമാര്‍ നിരാഹാരമനുഷ്ഠിക്കുന്നതിനെക്കുറിച്ച് ഇന്ന് രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."