കള്ളപ്പണം വെളുപ്പിക്കല്‍; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിചാരണ തുടങ്ങി
ജിദ്ദ:പതിനാല് ബില്യന്‍ റിയാല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജിദ്ദയിലെ പ്രമുഖ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന മൂന്നു ഇന്ത്യക്കാരുള്‍പ്പെടെ 15 പേരുടെ വിചാരണ നടപടികള്‍ തുടങ്ങി.
രണ്ടു കേസുകളിലായാണ് ഇവരെ പിടികൂടിയത്. സഊദിയുടെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ വലിയ സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളില്‍ സ്വദേശി പൗരന്മാരും ഈജിപ്ത് പൗരനുമുണ്ട്.
പണം ഇവര്‍ വിദേശങ്ങളിലേക്ക് കടത്തിയതായും തെളിഞ്ഞിട്ടുണ്ട്.
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ആറു ബില്യന്‍ റിയാല്‍ കടത്തിയ കേസിലാണ് പ്രത്യേക സംഘം ഏതാനും പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് പണം അയക്കുന്നതില്‍ ചാലക ശക്തികളായി പ്രവര്‍ത്തിച്ച രണ്ടു ഇന്ത്യക്കാരാണ് കേസിലെ പ്രധാന പ്രതികളെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും സഹായിച്ച പ്രാദേശിക ബാങ്കുകളിലെ ജീവനക്കാരേയും പണമിടപാട് നടത്തിയ പ്രമുഖരേയും പിടികൂടുകയായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥരായ ഇവര്‍ വിദേശങ്ങളിലേക്ക് വന്‍തുക അയക്കുന്നതിന് ജോലി ദുരുപയോഗപ്പെടുത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഉപയോക്താക്കള്‍ നല്കിയ രേഖയില്‍ കൃത്രിമം നടത്തിയും ഇവര്‍ വിദേശങ്ങളിലേക്ക് പണം അയക്കാന്‍ കൂട്ടു നിന്നെന്നാണ് കേസ്.
നിയമം മറികടന്ന് പണമിടപാട് നടത്തിയെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാതെ വ്യപാരം നടത്തിയെന്നുമാണ് ഇന്ത്യക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
വിചാരണ പൂര്‍ത്തിയായാല്‍ നാടുകടത്തല്‍ അടക്കമുള്ള ശിക്ഷാ നടപടിക്ക് പ്രതികള്‍ വിധേയരാകേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."