വസ്ത്രത്തില്‍ രക്തം പുരളുമെന്നതിനാല്‍ സഹായത്തിന് തയാറാകാതെ ജനകൂട്ടം
അരിമ്പൂര്‍: കഴിഞ്ഞ ദിവസം അരിമ്പൂരില്‍ നടന്ന വ്യത്യസ്തവാഹന അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് കടപ്പുറം കറുകമാട് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ കാദര്‍ (56)നാണ് ഗുരുതരമായി പരുക്കേറ്റത്.
മണലൂര്‍ സ്വദേശി കണ്ടങ്ങത്ത് അശോകന്റെ മകള്‍ ധന്യ (32)യെ ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലും ചെവിയെല്ലും തകര്‍ന്ന അബ്ദുള്‍ ഗഫൂറിനെ അതീവ പരിചരണ വിഭാഗത്തില്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി. മണ്ണുത്തിയില്‍ നിന്ന് ചാവക്കാട്ടേക്ക് വരുന്നതിനിടയില്‍ അരിമ്പൂര്‍ സെന്ററിലാണ് അപകടം.
ഇന്നോവ കാര്‍ നിര്‍ത്തി എതിര്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വാഹനത്തിനടുത്തേക്ക് റോഡ് മുറിച്ച് വരുന്നതിനിടെ എതിരെ വന്ന മിനിലോറി ഗഫൂറിനെ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ തലയിടിച്ചാണ് ഗഫൂര്‍ റോഡിലേക്ക് തെറിച്ചുവീണത്. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് അടുത്ത് തൃശൂരില്‍ നിന്ന് സ്‌കൂട്ടിയില്‍ മണലൂരിലേക്ക് വരികയായിരുന്ന ധന്യയെ അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു.
അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. അപകടം പതിവായ അരിമ്പൂരില്‍ നാട്ടുകാര്‍ പലരും കാഴ്ചക്കാര്‍ മാത്രമായി മാറുകയാണെന്നും ആക്ഷേപമുണ്ട്. നാട്ടുകാരനായ എന്‍.കെ ബിജുവിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് ചോരയില്‍ കുളിച്ചു പിടഞ്ഞ ഗഫൂറിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ക്ക് മാത്രം എടുക്കാന്‍ സാധിക്കാതെവന്നതിനാല്‍ സഹായത്തിനായി തടിച്ചുകൂടി നില്‍ക്കുന്നവരോടഭ്യര്‍ത്ഥിച്ചുവെങ്കിലും വസ്ത്രത്തില്‍ രക്തം പുരളുമെന്നതിനാല്‍ മാറ്റാരും അടുത്തേക്ക് ചെന്നില്ലെന്ന് ആക്ഷേപമുണ്ട്.
അപകടം വരുത്തിയ ലോറി റോഡിലിട്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടതിനാല്‍ ഗതാഗതം ഭാഗികമായി തടസപെട്ടിരുന്നു. ഏറെ വൈകാതെ അന്തിക്കാട് പൊലിസ് എത്തി വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."