ഇടപ്പള്ളി ബ്ലോക്ക് ഭവന നിര്‍മാണ സഹായം ഉദ്ഘാടനം ഇന്ന്
കൊച്ചി: ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഇന്ദിര ആവാസ് യോജന പ്രകാരം (ഐ.എ.വൈ) ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്കായി നടപ്പിലാക്കി വരുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭവനങ്ങള്‍ ഗ്രാമ വികസന വകുപ്പിന്റെ നിര്‍ദേശ പ്രകാരം സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നു കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിപ്പെടുത്തി ഫണ്ട് ശേഖരിച്ച് പൂര്‍ത്തീകരിക്കുന്നതിനായി തയ്യാറാക്കുന്നു.
പ്രാരംഭഘട്ടമെന്ന നിലയില്‍ വിധവകള്‍,രോഗികള്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കി 20 വീടുകളുടെ ഭവന പൂര്‍ത്തീകരണമാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്നത്.
ആദ്യ ഘട്ട ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കലക്ടറുടെ ചേംബറില്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഗുണഭോക്താക്കള്‍ക്ക് ചെക്ക് നല്‍കി നിര്‍വഹിക്കുമെന്നു ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ഇ.എസ് കുഞ്ഞുമോന്‍ അറിയിച്ചു.
പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് എം.ആര്‍ ആന്റണി പറഞ്ഞു.ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, എളങ്കുന്നപുഴ എന്നീ ഗ്രാമ പഞ്ചായത്തുകളെ 2012-13 മുതല്‍ 2015-16 വരെ ഭവന നിര്‍മാണത്തിനു സര്‍ക്കാര്‍ ധന സഹായം ലഭിച്ചിട്ടും കാലാവധിക്കകം പൂര്‍ത്തീകരിക്കാനാവാതെ റവന്യൂ റിക്കവറി നടപടികള്‍ നേരിടേണ്ടി വരുന്ന നിര്‍ദ്ധനരായ പട്ടിക ജാതി,ജനറല്‍ മൈനോറിറ്റി വിഭാഗത്തില്‍പ്പെട്ട 89 ഗുണഭോക്താക്കളുടെ ഭവനങ്ങളാണു പൂര്‍ത്തീകരിച്ച് നല്‍കുന്നതിനു തീരുമാനിച്ചിട്ടുളളത്.
ബ്ലോക്ക് പഞ്ചായത്ത് മേല്‍ സംരംഭം നടപ്പിലാക്കുന്നതിന് സി.എസ്.ആര്‍ ഫണ്ട് നല്‍കി സഹകരിക്കുന്നതിനായി എറണാകുളം ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കു കത്ത് നല്‍കി കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഗ്രാമ വികസന വകുപ്പ് നിര്‍ദേശപ്രകാരം ഇത്രയും വീടുകള്‍ ഒരുമിച്ച് പൂര്‍ത്തീകരിക്കുന്നത് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്താണ്.
2016 ഡിസംബര്‍ മാസത്തിനകം സ്പില്‍ ഓവര്‍ ആയ 89 വീടുകളാണു പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."