അംബിക വധം; പ്രതി ശ്രീജു കുറ്റക്കാരന്‍: വിധി ഏഴിന് പ്രസ്താവിക്കും
കല്‍പ്പറ്റ: പാക്കത്തെ പ്രമാദമായ അംബിക വധക്കേസിലെ പ്രതി യുവതിയുടെ അയല്‍വാസിയായ പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27) കുറ്റാക്കാരനാണെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍ വിധിച്ചു. ഇയാളുടെ ശിക്ഷ ഈ മാസം ഏഴിന് പ്രഖ്യാപിക്കുമെന്നും വിധിന്യായത്തില്‍ പറഞ്ഞു. ഐ.പി.സി 302 കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍, 135 ഇലക്ട്രിസിറ്റി ആക്ട് എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് പ്രതിയുടെതാണെന്ന് തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും മൃതദേഹത്തിലുണ്ടായിരുന്ന ബെഡ്ഷീറ്റുമായി സാമ്യമുള്ള തലയണ കവറുകള്‍ ശാസ്ത്രീയമായ പരിശോധനയില്‍ സാമ്യമുണ്ടെന്ന് തെളിഞ്ഞതും ഇതുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്തുമാണ് കോടതി തെളിവായി സ്വീകരിച്ചത്.
പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയിലെ അംബിക(20)യാണ് കൊല്ലപ്പെട്ടത്. 2014 ഓഗസ്റ്റ് മൂന്നിന് കാണാതായ യുവതിയുടെ ജഡം 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അംബിക അയല്‍വാസിയായ പ്രതി ശ്രീജുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്ന് യുവതി അമ്മയോട് പറഞ്ഞിരുന്നു. പ്രതിയില്‍ നിന്നും ഗര്‍ഭിണിയായ അംബികയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം വിജയിക്കാതിരുന്നതും കല്യാണം കഴിക്കാതെ തനിക്ക് കുട്ടിയാണ്ടാകുമെന്ന മാനക്കേട് ഓര്‍ത്തും പ്രതി യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനെയും ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. 2014 ആഗസ്റ്റ് ആറിന് ഗര്‍ഭിണിയായ യുവതിയെയും കൂട്ടി ഇവര്‍ മുമ്പ് സംഗമിക്കാറുണ്ടായിരുന്ന പാക്കം ഹെല്‍ത്ത് സെന്ററിനടുത്തുള്ള നായ്ക്കാ കോളിനയിലെ ഒരു കാവല്‍പുരയില്‍ എത്തിച്ചായിരുന്നു കൊലപാതകം. കാവല്‍പുരയുടെ വരാന്തയില്‍ ഉറങ്ങിയ അംബികയെ പിറ്റെദിവസം പുലര്‍ച്ചെ 2.30 ഓടെ കാവല്‍പുരയുടെ മുകളിലൂടെ പോകുന്ന അഞ്ചുകുന്ന് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിച്ച് ഷോക്കേല്‍പ്പിച്ച് കൊലപെടുത്തുകയായിരുന്നു.
അംബികയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ഓഗസ്റ്റ് എട്ടിന് പുല്‍പ്പള്ളി പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീജുവിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീട് നാടുവിട്ട പ്രതിയെ കണ്ണൂരില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുല്‍പ്പള്ളി സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ വൈകിട്ടോടെ വൈത്തിരി സബ് ജയിലിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."