ജില്ലയില്‍ 153 അധിക അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുടങ്ങും
ശമ്പളം നല്‍കേണ്ടതില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍; സര്‍ക്കാര്‍ നിര്‍ദേശം പാളുന്നു
വാടാനപ്പള്ളി: അധിക അധ്യാപകരുടെ ശമ്പള വിശയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാളുന്നു. സംസ്ഥാനത്ത് ഡിപ്ലോയ്‌മെന്റില്‍പെടാത്ത അധിക അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കേണ്ടതില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഡിപ്ലോയ്‌മെന്റ് നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിപ്ലോയ്‌മെന്റില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് സ്വന്തം സ്‌കൂളില്‍ 2016 - 17 വര്‍ഷം തസ്തിക നിലനിര്‍ത്താനുള്ള കുട്ടികളുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരാനും ഉത്തരവില്‍ പറയുന്നു. വകുപ്പ് മേധാവിയുടെ നിര്‍ദേശം ശമ്പളമെടുക്കുന്ന പ്രധാനാധ്യാപകരെ ആശയക്കുഴപ്പത്തിലാക്കി. ഈ ഉത്തരവ് വന്നതോടെ ജില്ലയില്‍ നൂറ്റി അമ്പത്തി മൂന്ന് അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം ഓണം അഡ്വാന്‍സ് കൂടെ വാങ്ങിയ അധ്യാപകരും ഈ കൂട്ടത്തിലുണ്ട്. ഇവരില്‍ നിന്ന് അഡ്വാന്‍സ് തിരിച്ചുപിടിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് മാര്‍ഗമില്ലാതായിരിക്കുന്നു.
ഡിപ്ലോയ്‌മെന്റ് ചെയ്യപ്പെടാതെനില്‍ക്കുന്ന അധ്യാപകരില്‍ 2016-17 വര്‍ഷം സ്വന്തം വിദ്യാലയത്തില്‍ നില്‍ക്കാനുള്ള കുട്ടികള്‍ ഉള്ളവരുമുണ്ട്. പക്ഷേ, ഡിപ്ലോയ്‌മെന്റ് ലിസ്റ്റില്‍ പെടാത്തതു കൊണ്ട് അവര്‍ക്ക് സ്വന്തം വിദ്യാലയത്തില്‍ കുട്ടികളുണ്ടെങ്കിലും തസ്തിക അനുവദിക്കില്ലെന്ന് വാശി പിടിക്കുകയാണ് ചില ഓഫീസര്‍മാര്‍. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ പരിഹരിക്കുന്നത് വരെ വകുപ്പുമായി ബന്ധപ്പെട്ട മേളകളില്‍ സഹകരിക്കേണ്ടെന്ന നിലപാടിലാണ് അധിക സംഘടനകളും. അധിക അധ്യാപകരെ മാതൃവിദ്യാലയങ്ങളില്‍ നിലനിര്‍ത്തി ശമ്പളം നല്‍കണമെന്നും ഗവ.സ്‌കൂളുകളിലെ ഒഴിവുള്ള തസ്തികകളില്‍ പി.എസ്.സി നിയമനം നടത്തണമെന്നും വലപ്പാട് ഉപജില്ല അധ്യാപക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."