ലഹരിമുക്ത കേരളത്തിന് വിമുക്തി പദ്ധതി
തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍) എന്ന പേരില്‍ പുതിയ പദ്ധതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്റ്റുഡന്റ് പോലിസ് കേഡറ്റ്, സ്‌കൂള്‍- കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വിസ് സ്‌കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചായിരിക്കും ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പദ്ധതിക്ക് മുഖ്യമന്ത്രി ചെയര്‍മാനും എക്‌സൈസ് മന്ത്രി വൈസ് ചെയര്‍മാനുമായി ഗവേര്‍ണിങ് ബോഡി രൂപീകരിക്കും. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറാകും. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, ധനകാര്യ, വ്യവസായ, പട്ടികജാതി-പട്ടികവര്‍ഗ, ഫിഷറീസ് മന്ത്രിമാരും ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, അഡ്വക്കേറ്റ് ജനറല്‍, കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, കലാകായിക- സാംസ്‌ക്കാരിക- സാഹിത്യ- സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പദ്ധതി നടത്തിപ്പിനു കമ്മിറ്റികളുണ്ടണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."