അടിസ്ഥാന സൗകര്യമില്ല: സഊദി ഇന്ത്യന്‍ സ്‌കൂളിന് നോട്ടിസ്
ജിദ്ദ: അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ സഊദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നോട്ടിസ്. കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന് നോട്ടിസില്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിയാദ്, ദമ്മാം പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഓരോ വിദ്യാര്‍ഥികള്‍ക്കും നിശ്ചിതസ്ഥലം ക്ലാസ് റൂമില്‍ അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മാത്രമേ കുട്ടികളുടെ എണ്ണം നിശ്ചയിക്കാവൂ. എന്നാല്‍, അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണവും സമ്മര്‍ദ്ദങ്ങള്‍കൊണ്ടും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതിനെ തുടര്‍ന്നാണ് സഊദി വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
അതിനിടെ, ജിദ്ദയില്‍ ഇന്ത്യന്‍ സ്‌കൂളിനുവേണ്ടി കണ്ടെത്തിയ കെട്ടിടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം അവസാനത്തോടെ ക്ലാസുകള്‍ തുടങ്ങുകയെന്ന ലക്ഷ്യത്തോടെ കണ്ടെത്തിയ പുതിയ കെട്ടിടത്തില്‍ ഇതുവരെ ക്ലാസുകള്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ല. സഊദി വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് പ്രവര്‍ത്തനം തുടങ്ങാത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചാലും ഇല്ലെങ്കിലും സ്‌കൂളിനുണ്ടാവുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ചും മറ്റും പഠനംനടത്തി ഹയര്‍ ബോര്‍ഡിനും ഇന്ത്യന്‍ അംബാസഡര്‍, സി.ജി ഉള്‍പ്പെടെയുള്ളവര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ എടുക്കുന്ന തീരുമാനത്തിന നുസൃതമായിട്ടായിരിക്കും പുതിയ കെട്ടിടത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.
സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ചും വ്യാപക പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബുറൈദ ഇന്ത്യന്‍ സ്‌കൂളില്‍ കൂട്ടത്തോല്‍വി ഉണ്ടായതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ പരീക്ഷ എഴുതിയ 116ല്‍ 38 വിദ്യാര്‍ഥികള്‍ തോറ്റിരുന്നു. തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയില്‍ വിജയിച്ചത് രണ്ടുപേര്‍ മാത്രമാണ്.
എന്നാല്‍, കഴിഞ്ഞ പരീക്ഷയ്ക്ക് തൊട്ടുമുന്‍പായി സി.ബി.എസ്.ഇ ഏര്‍പ്പെടുത്തിയ ചില നിബന്ധനകളാണ് ഇത്രയും വിദ്യാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."