മാനസികരോഗിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം
പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെരിപ്പൂരില്‍ മാനസികരോഗിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി രജീഷ് എന്ന കുട്ടനെ മാത്രമാണ് ഇതുവരെ പൊലിസ് പിടികൂടിയിട്ടുള്ളത്. രജീഷടക്കം പതിനൊന്ന് പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പൊലിസില്‍ മൊഴിനല്‍കിയിട്ടുണ്ട്.
പ്രതികള്‍ ആരൊക്കെയാണന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യപ്രതി പിടിയിലായതോടെ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ ചാലിശ്ശേരി എസ്.ഐ സ്ഥലം മാറ്റിയത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
രജീഷിനെ പിടികൂടരുതെന്ന് പൊലിസില്‍ സി.പി.എം സമ്മര്‍ദ്ധമുണ്ടായിരുന്നു. മറ്റു പ്രതികള്‍ക്ക് വേണ്ടി എസ്.ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് എസ്.ഐക്ക് സ്ഥലം മാറ്റമുണ്ടായത്.
ജില്ലാ പഞ്ചായത്തംഗമായ ഡി.വൈ.എഫ്.ഐ നേതാവ് കേസ് കൈകാര്യം ചെയ്തിരുന്ന ചാലിശ്ശേരി എസ്.ഐ സ്ഥലം മാറ്റിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നതായും നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം ഔദ്യോഗിക സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച അബ്ബാസ് ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പിടികൂടാനുള്ള മറ്റു പ്രതികള്‍. എന്നാല്‍ ഇവരെ പിടികൂടുന്നതില്‍ പൊലിസ് അലംഭാവം കാണിക്കുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ അലസത കാട്ടിയാല്‍ എസ്.പി ഓഫിസ് മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
യു.ഡി.എഫ് ചെയര്‍മാന്‍ പി.എം രാജേഷ്, കണ്‍വീനര്‍ പിഎ കാസിം,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി.എ വാഹിദ്, മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബി.എസ് മുസ്തഫ തങ്ങള്‍, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.വൈ കുമാരി, വി.പി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്തംഗം പി.പി ശശിധരന്‍, കെ.ഗോപകുമാര്‍, സി.കെ ശോഭന, പി മുസ്തഫ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതെ സമയം പ്രതികള്‍ക്കു ഭരണപക്ഷവുമായി യാതൊരു ബന്ധവുമില്ലന്ന് തിരുമിറ്റക്കോട് ലോക്കല്‍ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."