മാനാഞ്ചിറയില്‍ നിത്യസാക്ഷിയായി യൂസഫ് അറയ്ക്കലിന്റെ പോരാളി പ്രതിമ
കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രശസ്ത കലാകാരന്‍ യൂസഫ് അറയ്ക്കലിന്റെ കലാ ജീവിതത്തിന്റെ നിത്യസാക്ഷിയായി മാനാഞ്ചിറയിലെ പോരാളി പ്രതിമ. മാനാഞ്ചിറയില്‍ യുസഫിന്റെ കരവിരുതില്‍ നിര്‍മിച്ചെടുത്ത ശില്‍പമാണ് അദ്ദേഹത്തിന്റെ കലാ ജീവിതവും കോഴിക്കോടും തമ്മിലുള്ള ബന്ധത്തെ ഓര്‍മിപ്പിക്കുന്നത്. അതേസമയം അദ്ദേഹം നിര്‍മിച്ച പോരാളി ശില്‍പം ഇന്ന് അവഗണനയിലാണ്. ഏകദേശം 1990കളുടെ ആദ്യത്തില്‍ മാനാഞ്ചിറയിലെ അന്‍സാരി പാര്‍ക്കില്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന അമിതാഭ് കാന്തിന്റെ നിര്‍ദേശ പ്രകാരമാണ് യൂസഫ് ശില്‍പം നിര്‍മിച്ചത്. സാമൂതിരിയുടെ പാരമ്പര്യത്തില്‍ നിന്ന് ഉത്ഭവിച്ച പോരാളിയെയാണ് യുസഫ് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ കലാപരമായ കഴിവ് ഈയൊരൊറ്റ പോരാളിയിലൂടെ കോഴിക്കോട്ടുകാര്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കും.
കുന്തവും പരിചയും കൈയിലേന്തി നിന്നിരുന്ന ശില്‍പത്തില്‍ ഇന്ന് കുന്തം അവശേഷിക്കുന്നില്ല. തീര്‍ത്തും അവഗണനാപരമായ മനോഭാവമാണ് ശില്‍പത്തോട് കാണിക്കുന്നതെന്ന് കലാകാരന്‍മാര്‍ ആരോപിക്കുന്നു. കോഴിക്കോടിനെ സ്‌നേഹിച്ച യൂസഫിന്റെ പ്രതിമ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലെങ്കിലും പുനര്‍നിര്‍മിക്കണമെന്നാണ് കോഴിക്കോട്ടെ കലാസ്‌നേഹികള്‍ പറയുന്നത്.
അദ്ദേഹത്തിന്റെ അനുശോചന യോഗം പ്രതിമയ്ക്ക് സമീപം ചേര്‍ന്നാണ് കലാകാരന്മാര്‍ അധികാരികളെയും പൊതുജനങ്ങളെയും പ്രതിമയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. പോള്‍ കല്ലാനോട്, ഫ്രാന്‍സിസ് കോടംകണ്ടത്തില്‍, മധു മാസ്റ്റര്‍, കെ. സുധീഷ്, ആര്‍. മോഹന്‍, പി. ദാമോദരന്‍, മുനീര്‍ അഗ്രക്കാമി സംസാരിച്ചു. ജില്ലയില്‍ യൂസഫിന് വേണ്ടി ഒരു ചിത്ര പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ടെ കലാകാരന്മാര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."