എകരൂല്‍-കാപ്പിയില്‍ പൂവമ്പായി റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
കിനാലൂര്‍: 2012ല്‍ പി.ഡബ്ളിയു.ഡി ഏറ്റെടുത്തിട്ടും എകരൂല്‍ കാപ്പിയില്‍ പൂവമ്പായി റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടത്താത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മൂന്നു ബസ് സര്‍വിസ് നടത്തുന്ന റോഡ് കിനാലൂര്‍ വ്യവസായ കേന്ദ്രം, ഉഷാ സ്കൂള്‍, പൂവമ്പായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍നിന്നുള്ള ബൈപ്പാസ് റോഡ് കൂടിയാണ്.
റോഡിന്റെ ഭാഗമായ എടവനമുക്ക് പാലം അപകടാവസ്ഥയിലാണ്. പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ചെങ്കിലും പാലം പുതുക്കിപ്പണിയുന്നതിനായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. പ്രദേശത്തെ ജനകീയ സമിതിയുടെ ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തില്‍നിന്നും 50ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതികത്വത്തില്‍ കുടുങ്ങി ഫണ്ട് ലാപ്സാവുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. സി.കെ ഷൈജു, കെ. ദേവേശന്‍, മുഹമ്മദ് കല്ല്കെട്ടില്, എം.കെ വിനോദ് സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ പത്മനാഭന് (ചെയര്മാന്), വേണു കാപ്പിയില്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."