HOME
DETAILS
MAL
'സുതാര്യ കേരളം' പദ്ധതിയും തുണയാകുന്നില്ല; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നാമമാത്രം
backup
May 09 2016 | 06:05 AM
കട്ടപ്പന: പ്രകൃതിക്ഷോഭം, വന്യമൃഗ അക്രമണം എന്നിവ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രം. ഇതുതന്നെ ലഭ്യമാകണമെങ്കില്‍ ഏറെ നൂലാമാലകള്‍ തരണം ചെയ്യണം. ഇതിനെതിരേ കര്‍ഷകര്‍ 'സുതാര്യ കേരളം' പദ്ധതിയില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല. കഴിഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവ് വരുത്തിയത്.
ഇതിനെതിരേ പല കര്‍ഷകരും പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് 14 ദിവസത്തിനകം മറുപടി അറിയിക്കുമെന്നാണ് സുതാര്യ കേരളം പദ്ധതിയുടെ അണ്ടര്‍ സെക്രട്ടറി രേഖാമൂലം കര്‍ഷകരെ അറിയിച്ചത്. എന്നാല്‍ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നഷ്ടപരിഹാര തുകയ്ക്കായി ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ടപ്പെട്ടിട്ടുണ്ട്.
ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത 800 മൂട് കപ്പ കാട്ടുപന്നി നശിപ്പിച്ചപ്പോള്‍ കര്‍ഷകനു നഷ്ടപരിഹാരമായി ലഭിച്ചത് 1650 രൂപ മാത്രം. 2012 ല്‍ 550 മൂട് കപ്പ കാട്ടുപന്നി നശിപ്പിച്ചപ്പോള്‍ 11,000 രൂപ നഷ്ടപരിഹാരം നല്‍കിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം മുതല്‍ തുകയില്‍ വന്‍ കുറവു വരുത്തിയത്. 2012 ല്‍ ഒരു മൂട് കപ്പയ്ക്ക് 20 രൂപ വീതം ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് 2.06 ആക്കി കുത്തനെ കുറയ്ക്കുകയാണ് ചെയ്തത്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ യാതൊരു മുന്‍കരുതലും കൈക്കൊള്ളാത്ത വനം വകുപ്പ് നഷ്ടപരിഹാരത്തുകയും വെട്ടിക്കുറച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള്‍ ജില്ലയുടെ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്. ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്.
നഷ്ടപ്പെടുന്ന വിളയുടെ ചെറിയൊരു ശതമാനമെങ്കിലും ലഭിക്കുന്നത് മുന്‍വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇത് വലിയതോതില്‍ വെട്ടിക്കുറച്ചതിനൊപ്പം തുക ലഭിക്കാന്‍ വൈകുന്നതും കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. 800 ചുവട് കപ്പയ്ക്ക് ശരാശരി വിളവ് ലഭിച്ചാല്‍പോലും കര്‍ഷകന് ഒരുലക്ഷത്തിലധികം വരുമാനം ലഭിക്കുന്ന സ്ഥിതിയുള്ളപ്പോഴാണ് തുച്ഛമായ നഷ്ട പരിഹാരത്തുക നല്‍കുന്നത്. ഇത് ലഭ്യമാകണമെങ്കില്‍ വളരെയധികം നടപടിക്രമം പൂര്‍ത്തിയാകണം. കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കുന്നത്. പട്ടയത്തിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നശിച്ച വിളയുടെ ഫോട്ടോ എന്നിവയടക്കമാണ് അപേക്ഷ നല്‍കേണ്ടത്.
ഇതിനുശേഷം തുക അനുവദിച്ച് ഉത്തരവുണ്ടായാല്‍ അതോടൊപ്പം ലഭിക്കുന്ന ബില്ലില്‍ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷകന്‍ ഒപ്പിട്ട് വനം വകുപ്പിന്റെ കോട്ടയം ഡിവിഷനില്‍ ഓഫീസില്‍ എത്തിക്കണം. ഫണ്ട് ലഭിക്കുന്നതനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കുമെന്നാണ് ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍ കോട്ടയത്തിനുള്ള യാത്രാ ചെലവ് ഉള്‍പ്പെടെ 1500 ഓളം രൂപ മുടക്കുന്ന കര്‍ഷകന്റെ കൈവശം നഷ്ടപരിഹാര തുകയായ 1650 രൂപ ലഭിക്കണമെങ്കില്‍ വീണ്ടും കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."