നടക്കാവ് റെയില്‍വേ മേല്‍പാലനിര്‍മാണ നടപടി പുരോഗമിക്കുന്നെന്ന്
പാലക്കാട്: പാലക്കാട് - മലമ്പുഴ റോഡില്‍ അകത്തേത്തറ പഞ്ചായത്തില്‍ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് പദ്ധതി രേഖ തയ്യാറാക്കുന്നതിന് 8.015 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണം സംബന്ധിച്ച നിയമസഭയിലെ സബ്മിഷനുളള മറുപടിയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കിറ്റ്‌കൊ മുഖേന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിങ് തയ്യാറാക്കി റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായും മറുപടി വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ചിലവ്, വൈദ്യുതി ലൈനുകള്‍, ടെലിഫോണ്‍ കേബിളുകള്‍, കുടിവെളള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍ ഉള്‍പ്പെടെ 38.2 കോടിയാണ് മൊത്തം നിര്‍മാണ ചിലവ് കണക്കാക്കുന്നത്.
പാലക്കാട്, അകത്തേത്തറ കേന്ദ്രീകരിച്ച് ഏകദേശം 290 ലക്ഷം രൂപ ചിലവില്‍ വിവിധ സര്‍വ്വെ നമ്പറുകളിലായി 105 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. റെയില്‍വേ ഭാഗത്തുളള ഒരു സ്പാനിന്റെ നിര്‍മാണം റെയില്‍വേയാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് റെയില്‍വേയുടെ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ ആവശ്യമായ തുക കെട്ടിവെക്കാന്‍ നടപടി സ്വീകരിക്കും. മലമ്പുഴയ്ക്കടുത്തായതിനാല്‍ വാഹനത്തിരക്കുളള സ്ഥലമാണ് ഇത്. അകത്തേത്തറ, മലമ്പുഴ, എന്നീ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് മേല്‍പ്പാലം.
റെയില്‍വെ സ്റ്റേഷന് സമീപത്ത് സ്ഥിതിചെയ്യുന്ന ലെവല്‍ ക്രോസ് ആയതിനാല്‍ പലപ്പോഴും റെയില്‍വെ ഗേറ്റ് അടഞ്ഞ് കിടക്കുന്നത് അസുഖ ബാധിതര്‍ക്ക് ആശുപത്രിയിലെത്താന്‍ തടസമുണ്ടാകുകയും ജീവഹാനി ഉണ്ടാകുന്നതായും വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ യുടെ സബ്മിഷനില്‍ പറയുന്നു. സര്‍ക്കാരിന്റെ 2016 ലെ പുതുക്കിയ ബജറ്റ് പ്രകാരം ഈ മേല്‍പ്പാല നിര്‍മാണത്തിനായി 25 കോടി വകയിരുത്തിയിട്ടുളളതായും പറയുന്നു. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ദ്രുതഗതിയിലാക്കണമെന്ന് നിയമസഭയില്‍ വി.എസ് അച്ചുതാനന്ദന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."