അത്തോളി ബസ് ഓപറേറ്റേഴ്സ് സൊസൈറ്റിക്കെതിരേ പ്രതിഷേധം ശക്തം
അത്തോളി: കോഴിക്കോട്-അത്തോളി-ഉള്ള്യേരി റൂട്ടുകളിലെ ബസ് ഉടമകള്‍ സംയുക്തമായി രൂപീകരിച്ച അത്തോളി ബസ് ഓപറേറ്റേഴ്സ് സൊസൈറ്റിക്കെതിരേ പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍. സൊസൈറ്റി എത്തിയതോടെ അനേകം ബസ് തൊഴിലാളികള്‍ക്ക് ജോലിയില്ലാതായതായും നിലവിലുള്ളവര്‍ക്ക് ജോലി ഭാരം കൂടിയതായും ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. നാലു തൊഴിലാളികളായിരുന്നു ഓരോ ബസിലുമുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നു സൊസൈറ്റി ചെക്കറെ വെട്ടിക്കുറച്ച് മൂന്നു പേരാക്കി മാറ്റി. സൊസൈറ്റിയുടെ ലാഭം ലക്ഷ്യമിട്ടായിരുന്നു ഇത്.
എന്നാല്‍ ഇതോടെ ബസുകളില്‍ ഒരു വാതിലില്‍ ആളില്ലാതായി. ഇതു യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. രാവിലെയും വൈകിട്ടും സ്കൂള്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനാല്‍ ബസില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും ബസിന്റെ ചവിട്ടുപടിയില്‍ നിന്നാണ് കുട്ടികള്‍ യാത്ര ചെയ്യുന്നത്. പിന്‍വാതിലില്‍ ആളില്ലാത്തതിനാല്‍ കുട്ടികള്‍ റോഡിലേക്കു വീഴുന്ന സംഭവങ്ങള്‍ പതിവായതായി യാത്രക്കാരും പറയുന്നു. പലപ്പോഴും കണ്ടക്ടര്‍ക്ക് ക്ലീനറുടെ ജോലി കൂടി എടുക്കേണ്ടി വരികയാണ്. ഇതിനു പുറമെ ലാഭകരമല്ലാത്ത ട്രിപ്പുകള്‍ സൊസൈറ്റി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ഉച്ചയ്ക്കും രാത്രി എട്ടിന് ശേഷവുമുള്ള പല ട്രിപ്പുകളും ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാല്‍ ഒഴിവാക്കി. ഇതോടെ രാത്രി വൈകിയാല്‍ അത്തോളിയില്‍ നിന്നു കോഴിക്കോട്ടേക്ക് പോകാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് യാത്രക്കാര്‍. 2016 ജനുവരി ഒന്നു മുതലാണ് ബസ് ഉടമകള്‍ ബസ് സൊസൈറ്റിക്ക് രൂപം നല്‍കിയത്.
ഓരോ ബസിന്റെയും വരുമാനം സൊസൈറ്റിക്ക് നല്‍കുകയാണ് ചെയ്യുക. വെട്ടിക്കുറച്ച ജീവനക്കാരുടെ തസ്തികയിലേക്ക് ഉടന്‍ നിയമനം നടത്തിയില്ലെങ്കില്‍ സൊസൈറ്റിക്കെതിരേ പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബസ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."