മിഷണറി ഭാഷാശാസ്ത്രത്തെ സമീപിക്കേണ്ടത് ചരിത്രവും കൃതികളും പഠിച്ച്: വേണുഗോപാലപ്പണിക്കര്‍
തിരൂര്‍: ചരിത്ര പശ്ചാത്തലവും കൃതികളും കൂടി പഠിച്ചുകൊണ്ടാകണം മിഷണറി ഭാഷാശാസ്ത്രത്തെ സമീപിക്കേണ്ടതെന്നു ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍. മലയാള സര്‍വകലാശാലയില്‍ മൂന്നു ദിവസം നീണ്ടുനിന്ന ഭാഷാശാസ്ത്ര സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിഷണറി ഭാഷാശാസ്ത്ര പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ക്രിസ്തുമതത്തിനപ്പുറം വിശാലമായ പരിപ്രേക്ഷ്യമുണ്ടാകണം. വേദാംഗങ്ങളായ ആറു ശാസ്ത്രങ്ങളില്‍ മൂണ്ണെവും സാഹിത്യത്തെ അധികരിച്ചുള്ളവയായിരുന്നു. തൊല്‍ക്കാപ്പിയം, വീരചോഴിയം, നൂല്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താക്കള്‍ ബുദ്ധ-ജൈന മതസ്ഥരായിരുന്നുവെന്നും വേണുഗോപാലപണിക്കര്‍ പറഞ്ഞു. ഡോ. എം. ശ്രീനാഥന്‍ അധ്യക്ഷനായി.
മതപ്രചാരണം ഗുണ്ടര്‍ട്ടിന്റെ സാഹിത്യകൃതികളുടെ ലക്ഷ്യമായിരുന്നില്ലെന്നു സമാപനദിവസത്തെ ആദ്യ സെഷനില്‍ ' ഗുണ്ടര്‍ട്ടിന്റെ പാഠസങ്കല്‍പം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. കെ.എം. അനില്‍ പറഞ്ഞു. നളചരിതത്തിന്റെ വ്യാഖ്യാനം വജ്രസൂചി തുടങ്ങിയ കൃതികളില്‍ സാഹിത്യകാരനും ഭാഷാസ്‌നേഹിയുമായ ഗുണ്ടര്‍ട്ടിനെ മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ ബീജാവാപം മിഷണറി പത്രപ്രവര്‍ത്തനകാലത്തു തന്നെ ഉണ്ടായിരുന്നുവെന്ന് 'മീഡിയ മാനേജ്‌മെന്റ്; മിഷണറി പ്രവര്‍ത്തന പശ്ചാത്തലത്തില്‍' എന്ന വിഷയം അവതരിപ്പിച്ച ഡോ. പി. ലാല്‍മോഹന്‍ വ്യക്തമാക്കി. അച്ചടി ആരംഭിച്ചത്തിനു ശേഷവും രാജ്യസമാചാരം എന്ന പത്രം കല്ലച്ചില്‍ അച്ചടിച്ചത് കല്ലച്ചിലെ വാമൊഴിഭാഷയെ അതേപടി ഉപയോഗിക്കാനും ജനകീയ പ്രചാരണത്തിനും ഉദ്ദേശിച്ചായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാള വ്യാകരണത്തെ സമ്പുഷ്ടമാക്കിയ ഗുണ്ടര്‍ട്ട'് നിഘണ്ടുവിനെക്കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന് ഡോ. ജോസഫ് സ്‌കറിയ 'മിഷണറി വ്യാകരണ'ത്തെക്കുറിച്ച് സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഡോ. എസ്. സജീവ്കുമാര്‍, ഡോ. എന്‍. മനോഹരന്‍, ഡോ. അശോക് ഡിക്രൂസ്, കെ.ജെ. അബ്‌റാര്‍, എ.ടി. ലിജിഷ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. എന്‍.വി. മുഹമ്മദ് റാഫി, ഡോ. സ്മിത.കെ. നായര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."