കരുവഞ്ചാല്‍- വെള്ളാട് റോഡ് നിര്‍മാണം തുടങ്ങി പ്രവൃത്തി ഉദ്ഘാടനം പൊലിസ് കാവലില്‍
ആലക്കോട്: കോടിക്കണക്കിനു രൂപ ചിലവഴിച്ച് പുനര്‍ നിര്‍മിക്കുന്ന കരുവഞ്ചാല്‍- വെള്ളാട് റോഡിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി. വെള്ളാട് ടൗണില്‍ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കരുവഞ്ചാല്‍ ടൗണ്‍ മുതല്‍ വെള്ളാട് വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരമാണ് മൂന്നുകോടി രൂപ ചിലവില്‍ പുനര്‍ നിര്‍മിക്കുന്നത്. അഞ്ചര മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തുകയും ഇരുവശങ്ങളിലും ഓവുചാലുകള്‍ നിര്‍മിക്കുകയും ചെയ്യും. അഞ്ചര മീറ്റര്‍ വീതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെയാണ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആലക്കോട് എസ്.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."