സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവേ പിതാവിന്റെ മടിയില്‍നിന്ന് വീണ് പിഞ്ചുബാലന്‍ മരിച്ചു
മംഗലൂരു: പണമ്പൂരിലെ ബീച്ചില്‍ മാതാപിതാക്കളോടൊപ്പം സ്പീഡ് ബോട്ടില്‍ യാത്രചെയ്ത പിഞ്ചു ബാലന്‍ മരിച്ചു. കാസര്‍കോട് തളങ്കര ജദീദ് റോഡിലെ പീടേക്കാരന്‍ സനാഹ് ഇലാഹിയുടെയും ഫാത്തിമയുടെയും ഏക മകന്‍ മുഹമ്മദ് സബാനാണ് (3) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മംഗളൂരുവിലെ പി. വി.എസ് കവലയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. നാലു ദിവസം മുമ്പാണ് സനാഹ് ദുബൈയില്‍ നിന്നു നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ബീച്ചിലെത്തിയ സനാഹും ഭാര്യയും കുട്ടിയേയും കൊണ്ട് സ്പീഡ് ബോട്ടില്‍ കയറുകയായിരുന്നു.
ഇവരെക്കൂടാതെ മറ്റു ആറുപേരും ബോട്ടില്‍ കറങ്ങുന്നതിന് വേണ്ടി കയറിയിരുന്നു. ബീച്ചില്‍നിന്നു പുറപ്പെട്ട ബോട്ട് നൂറുമീറ്ററോളം പിന്നിട്ടപ്പോഴേക്കും ഇതിന്റെ യന്ത്രം നിലക്കുകയും ചെയ്തു.
ഇതിനിടയില്‍ ഒരു തിരമാല വന്ന് ബോട്ടിനെ മറച്ചിടുകയായിരുന്നു. യാത്രക്കാരെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. മുഹമ്മദ് സബാന്‍ ഉപ്പ സനാഹിന്റെ മടിയിലിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. വീഴ്ച്ചക്കിടെ സബാന്‍ കടലില്‍ മുങ്ങിപ്പോകാതിരിക്കാന്‍ സനാഹ് ആവത് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ ബീച്ചിലുണ്ടായിരുന്നവരും ബീച്ച് ഗാര്‍ഡും സ്ഥലത്ത് നീന്തിയെത്തി യാത്രക്കാരെയെല്ലാം രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും സബാനെ മാത്രം രക്ഷിക്കാനായില്ല.
ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി ഇന്നു രാവിലെ ഒന്‍പതോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
മൃതദേഹം ഉച്ചക്ക് ബി.സി റോഡിന് സമീപം നാട്ടക്കല്ലില്‍ ഉമ്മ ഫാത്തിമയുടെ വീടിനടുത്തുള്ള പള്ളിയില്‍ കബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."