ജലക്ഷാമം രൂക്ഷം; പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു
ഒലവക്കോട്: കാര്യമായ മഴ ലഭിക്കാത്തതിനാല്‍ ഇത്തവണ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുമ്പോഴും പൈപ്പ് ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവ്. മാട്ടുമന്ത മേഖലയിലെ ചോളോട്-മുരുകണി റോഡ്, വടക്കന്തറ തരവനാട്ടുലൈന്‍ റോഡ്, ചൊളോട് റോഡ്, ജി.ബി. റോഡ്, കോട്ടമൈതാനം ഐ.എം.എ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് ജല അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയില്ല. പരാതി പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കു പകരം കരാറുരാണ് എത്തുന്നത്. അതോറിറ്റി ഓഫിസില്‍ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിവരം അറിയിച്ചാലും അനുകൂല പ്രതികരണം ഇല്ല. കഴിഞ്ഞ ആഴ്ച ചക്കാന്തറയ്ക്ക് എതിര്‍വശത്തുള്ള റോഡിലും പൈപ്പ് പൊട്ടി ജലം പാഴായിരുന്നു. ചോര്‍ച്ചകള്‍ പരിഹരിക്കാന്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ മിക്ക പ്രദേശങ്ങളിലും പിരായിരി പഞ്ചായത്തിലെ തരവത്ത് പടി വരെയുള്ള പ്രദേശങ്ങളിലും മലമ്പുഴ വെള്ളം വന്നിട്ട് ദിവസങ്ങളായി. പൊതുനിരത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പരാതിപ്പെടാനും പരിഹരിക്കാനുമായി വാട്ടര്‍ അതോറിറ്റി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍ ഫോണ്‍ കിട്ടുന്നില്ലെന്നും അഥവാ കിട്ടിയാല്‍തന്നെ ഇപ്പോള്‍ ശരിയാക്കിത്തരാമെന്ന പല്ലവിയാണ് പലപ്പോഴും ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."