HOME
DETAILS
MAL
അടിയൊഴുക്കില്‍ പകച്ച് മുന്നണികള്‍, ഈഴവ മുസ്ലിം വോട്ടുകള്‍ ഗതി നിയന്ത്രിക്കും
backup
May 09 2016 | 08:05 AM
കയ്പമംഗലം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും അടിയൊഴുക്കില്‍ പകക്കുന്നതായാണ് സൂചന. ആവേശം വാനോളം എത്തിയപ്പോള്‍ മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പമെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി ടൈസനും എന്‍.ഡി.എ സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്ണാത്തും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം പടലപ്പിണക്കങ്ങള്‍ തീര്‍ത്ത് നേതാക്കളെ രംഗത്തിറക്കാന്‍ കഴിഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് നഹാസും തന്റെ വേരുകള്‍ പ്രചാരണ രംഗത്ത് ഉറപ്പിച്ചു. എസ്.എന്‍.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ നിലപാടുകളാണ് മുന്നണികളെ കുഴക്കുന്നത്. 45 ശതമാനം ഈഴവരും 30 ശതമാനം മുസ്ലിം വോട്ടുകളും ഉള്ള മണ്ഡലത്തില്‍ ഇവരുടെ വോട്ടുകളാകും ഗതി നിയന്ത്രിക്കുക. എടത്തിരുത്തി, ശ്രീനാരായണപുരം, എടവിലങ്ങ്, പെരിഞ്ഞനം പഞ്ചായത്തുകള്‍ ഈഴവ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളാണ്. എറിയാട്, കയ്പമംഗലം പഞ്ചായത്തുകള്‍ മുസ്ലിം സ്വധീന മേഖലയും. മതിലകം പഞ്ചായത്താണെങ്കില്‍ ഇരുവരും ഒപ്പത്തിനൊപ്പം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയെ എല്‍.ഡി.എഫ് പിന്തുണക്കുകയും എറിയാട് ഡിവിഷനില്‍ നിന്നും നിന്നവര്‍ ജയിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ല വൈസ് പ്രസിഡന്റ് കെ.കെ ഷാജഹാനാണ് സ്ഥാനാര്‍ഥി. അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന് കോട്ടം തട്ടുകയെന്നതാണ് വിലയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 'പാര്‍ട്ടി' യെന്ന അംഗീകാരം ലഭിക്കണമെങ്കില്‍ ഇതേ ശതമാനം വോട്ടു കിട്ടണം. അത് കൊണ്ട് തന്നെ പരമാവധി വോട്ടു ചോരാതെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടു ഉണ്ടെന്നാണ് അവരുടെ വിശ്വാസം. കെ.കെ ഷാജഹാനെ നേര്‍ച്ച കോഴിയാക്കാന്‍ ഇടയില്ലെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. ഷാജഹാന്‍ പിടിക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്കു അനുകൂലമാവുവെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍ പ്രബല സമുദായമായ ഈഴവ വോട്ടുകളില്‍ ഇത്തവണ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് സൂചന. ഇതു എല്‍.ഡി.എഫിനെ പോലെ തന്നെ യു.ഡി.എഫിനേയും കുഴക്കുന്നു. നാട്ടിക എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. ശ്രീനാരായണ കുടുംബ സംഗമം നടത്തി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍ ഡി എയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. കൂടാതെ കുടുംബ യോഗങ്ങളും മൈക്രോ ഫിനാന്‍സ് യൂണിറ്റ് യോഗങ്ങളും തകൃതിയായി നടക്കുന്നു. 'നിങ്ങള്‍ നില്‍ക്കുന്ന പാര്‍ട്ടിയില്‍ തന്നെ നില്‍ക്കുക, അവരുടെ കൂടെ പ്രചരണത്തിന് പോവുക, വോട്ട് ചെയ്യുമ്പോള്‍ എന്‍ ഡി എക്ക് ചെയ്യുക' എന്നരീതിയിലാണ് എസ് എന്‍ ഡി പിയുടെ അടിത്തട്ടിലുള്ള പ്രചരണം. അതുകൊണ്ട് തന്നെ ഈഴവ വോട്ടുകളില്‍ അടിയൊഴുക്കുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഇടതിനും വലതിനും ഒരുപോലെ തലവേദന സൃഷ്ടിക്കും. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും പ്രചരണത്തില്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."