സാധാരണക്കാരന് അപ്രാപ്യമായി ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ ആര്‍.ടി ഓഫിസില്‍ കാര്യം നടക്കണോ...? എങ്കില്‍ ഏജന്റിനെ കാണൂ
സുല്‍ത്താന്‍ ബത്തേരി: വാഹന സംബന്ധമായ അപേക്ഷകള്‍ ഒരു നൂലാമാലയാണ്. എങ്ങനെയെങ്കിലും ഇതു പൂരിപ്പിച്ച് ആര്‍.ടി ഓഫിസിലെത്തിയാലോ..? ഒരു നൂറു തെറ്റു കണ്ടെത്തും ഉദ്യോഗസ്ഥര്‍. ഇതോടെ അപേക്ഷകന്‍ കാര്യം നടക്കാന്‍ മറ്റുവഴികള്‍ തേടും. ഏജന്റിനെ സമീപിക്കുക, എന്നാലേ ആര്‍.ടി ഓഫിസിലെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങൂ. ഇതു തന്നെയാണ് ജീവനക്കാര്‍ക്കും വേണ്ടത്. സാധാരണക്കാരായ ആളുകള്‍ക്ക് നേരിട്ടെത്തി വാഹന സംബന്ധമായ കാര്യങ്ങള്‍ സാധിക്കുക എന്നത് ആര്‍.ടി. ഓഫിസില്‍ നടക്കാത്ത കാര്യമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഏജന്റുമാരെ ഏല്‍പ്പിച്ചാല്‍ കാര്യം കൃത്യസമയത്ത് ഭംഗിയായി നടക്കുകയും ചെയ്യും.
ഓരോ ഏജന്റുമാര്‍ക്കും അവര്‍ നല്‍കുന്ന അപേക്ഷയോടൊപ്പം പ്രത്യേക കോഡും രേഖപ്പെടുത്തും. ഇതനുസരിച്ചായിരിക്കും അപേക്ഷ നീങ്ങുന്നത്. ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആര്‍.ടി ഓഫിസില്‍ അടക്കേണ്ടത് 760 രൂപയാണ്. ഏജന്റ് മുഖേന പോയാല്‍ ഏജന്റിനുള്ള കമ്മിഷനും ഉദ്യോഗസ്ഥര്‍ക്കുള്ള തുകയടക്കം 2000 രൂപയാകും. ബസിന്റെ താല്‍ക്കാലിക റൂട്ട് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ 600 രൂപ ഉള്ളിടത്ത് 2200 രൂപ മുടക്കി ഏജന്റ് മുഖാന്തരം പെര്‍മിറ്റി സമ്പാദിക്കണം. പെര്‍മിറ്റ് പുതിക്കുന്നതിന് നേരിട്ടാണങ്കില്‍ 5,900 രൂപയാണ് വരിക. എന്നാല്‍ 15,000 രൂപ മുതല്‍ 20,000 രൂപവരെ ഏജന്റുമാര്‍ക്ക് കൊടുത്ത് പെര്‍മിറ്റ് പുതുക്കേണ്ട അവസ്ഥയിലാണ് വാഹന ഉടമകള്‍. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നേരിട്ട് പോയാല്‍ 400 രൂപയാണ് വരിക. ഇതിന് ഏജന്റ് വാങ്ങുന്നത് 2000 രൂപയാണ്. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ പാടില്ല. ഏജന്റുമാര്‍ വഴി പോയാല്‍ ദേശസാല്‍കൃത റൂട്ടുകളിലൂടെയും സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കും. ഇത് ലഭിക്കുന്നത് തന്നെ ഊട് വഴികളിലൂടെ പോകുന്നതിനാണ്. എന്നാല്‍ നേരിട്ട് തന്നെ സര്‍വിസ് നടത്തുന്നതിന് പെര്‍മിറ്റ് വാങ്ങി നല്‍കുന്നതിന് 25,000 രൂപവരെയാണ് ഏജന്റുമാര്‍ വാങ്ങുതത്രെ.
ലോറി രജിസ്‌ട്രേഷന് നാഷനല്‍ പെര്‍മിറ്റിന് 18,000 രൂപ അടച്ചാല്‍ ലഭിക്കുമെന്നിരിക്കെ 30,000 രൂപ വരെയാണ് ഏജന്റുമാര്‍ വാഹന ഉടമകളില്‍ നിന്നും വാങ്ങുന്നത്. നിലവില്‍ സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന തുകയേക്കാള്‍ 1000 മുതല്‍ മുകളിലേക്കാണ് ഏജന്റുമാര്‍ വാങ്ങുന്നത്. ഇങ്ങനെ ഈടാക്കുന്ന തുകയില്‍ സര്‍ക്കാരിന് നല്‍കാനുള്ളത് കഴിച്ച് ബാക്കി തുക ഏജന്റുമാരും ജീവനക്കാരും എടുക്കകയാണ് പതിവെന്നാണ് 10 വര്‍ഷമായി നേരിട്ട് കാര്യങ്ങള്‍ നടത്തുന്ന വാഹന ഉടമകള്‍ പറയുന്നത്. ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗമായാണ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ ഇത്തരത്തില്‍ 100 ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ജില്ലയിലെ ഒരു ആര്‍.ടി ഓഫിസിനെതിരേ സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് നടുക്കണ്ടി വീട്ടില്‍ എന്‍.എം ഫിറോസ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ചീഫ് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം പരാതി അയച്ചിരുന്നു.
ബസ് കണ്ടക്ടറായ ഇയാള്‍ പിഴയടക്കാന്‍ നേരിട്ടെത്തിയെങ്കിലും അധികൃതര്‍ അധിക്ഷേപിച്ച് ഇറക്കിവിട്ടിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഏജന്റുമാരെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരേയും നിയന്ത്രിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."