കാത്തിരിപ്പിനു വിരാമം; കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് 14ന് തുറക്കും
കുറ്റ്യാടി: ദീര്‍ഘകാലത്തെ കാത്തിരിപ്പിനു അന്ത്യമായി കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് 14നു തുറക്കും. തീക്കുനി, ആയഞ്ചേരി വഴി വടകരയിലേക്കു പോകുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നും മറ്റു ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമായിരിക്കും സര്‍വിസ് നടത്തുക. പത്തു വര്‍ഷം മുന്‍പ് അന്നത്തെ എല്‍.ഡി.എഫ് ഭരണസമിതിയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കം കുറിച്ചത്.
തുടര്‍ന്നുവന്ന യു.ഡി.എഫ് ഭരണസമിതി നിര്‍മാണപ്രവൃത്തിയുടെ 80 ശതമാനം പൂര്‍ത്തിയാക്കുകയും തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍, വൈദ്യുതിയുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ സര്‍വിസ് തുടങ്ങുന്നത് നീണ്ടുപോവുകയായിരുന്നു.
നേരത്തെ, ബസ് സ്റ്റാന്‍ഡിനും ഷോപ്പിങ് കോംപ്ലക്‌സിനും പേരിടുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റും കോണ്‍ഗ്രസിലെ ഒരുവിഭാഗവും തമ്മില്‍ നടന്ന തര്‍ക്കം യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ഷോപ്പങ് കോംപ്ലക്‌സ്, ബസ് സ്റ്റാന്‍ഡ്, വെയ്റ്റിങ് ഷെഡ് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും ഗ്രൗണ്ട് ടാറിങ് പൂര്‍ത്തിയായിട്ടില്ല. ബസുകള്‍ കയറി ഗ്രൗണ്ട് ഉറച്ചതിനു ശേഷമേ ടാറിങ് നടത്താന്‍ കഴിയൂ എന്നാണ് അധികൃതരുടെ വിശദീകരണം. സ്വകാര്യവ്യക്തികള്‍ സൗജന്യമായി വിട്ടുകൊടുത്ത ഒന്നേകാല്‍ സ്ഥലത്താണ് സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
മലയോര മേഖലയുടെ ആസ്ഥാനമായ കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 14നു രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."