ദാദ്രി കേസ് പ്രതിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം; മൃതദേഹത്തില്‍ ദേശിയ പതാക പുതപ്പിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മരണപ്പെട്ട ദാദ്രി കേസിലെ പ്രതിയുടെ മൃതദേഹം സംസ്‌കരിക്കാതെ ദേശീയപതാക പുതപ്പിച്ച് കുടുംബം. ചിക്കുന്‍ഗുനിയ ബാധിച്ച് ആശുപത്രിയില്‍ മരിച്ച 22 കാരനായ രവി സിസോദിയയുടെ മൃതദേഹമാണ് മൂന്ന് ദിവസം പിന്നിട്ടിട്ടും ഗ്രാമവാസികള്‍ സംസ്‌കരിക്കാന്‍ തയ്യാറാവാതിരിക്കുന്നത്.
ഉത്തർപ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് രവി സിസോദിയ.
ജയില്‍ ഉദ്യോഗസ്ഥരാണ് മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. രവിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസ് സംഘം എത്തിയിട്ടുണ്ട്.
മുഹമ്മദ് അഖ്‌ലാക് എന്ന വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് 18 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ കുറ്റാരോപിതരായി ജയിലില്‍ കഴിയുന്ന 17 പേരെയും വിട്ടയക്കണമെന്നും കഴിഞ്ഞ വര്‍ഷം അടിച്ചുകൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിനെ ഗോഹത്യയുടെ പേരില്‍ അറസ്റ്റു ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
കടുത്ത വയറുവേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് രവിയെ ജയിലില്‍ നിന്നും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക തകരാറിനെത്തുടര്‍ന്നാണ് രവി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കഴിഞ്ഞ രാത്രിയാണ് രവിയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."