ഗവ. പോളി കോളജ് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം നിലച്ചു; കോടികളുടെ നഷ്ടം
തൃക്കരിപ്പൂര്‍: ഇ.കെ നായനാര്‍ സ്മാരക ഗവ. പോളിടെക്‌നിക് കോളജ് കാമ്പസില്‍ പണിയുന്ന ഹോസ്റ്റലിന്റെ നിര്‍മാണം നിലച്ചതു കാരണം പൊതു ഖജാനാവിനു കോടികളുടെ നഷ്ടം. 2004ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇതിനിടെ നിര്‍മാണ ചെലവ് മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്തു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ മുനീറാണ് ഹോസ്റ്റല്‍ കെട്ടിടത്തിനു ശിലയിട്ടത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, സ്റ്റാഫ് കോട്ടേജ് എന്നിവക്കു ഓരോ കോടി രൂപയായിരുന്നു അനുവദിച്ചത്.
ഇതിനിടെ പോളിപ്രവര്‍ത്തനം പുതിയ സമുച്ചയത്തിലേക്കു മാറുകയും ചെയ്തു. നാലുനിലയുള്ള കെട്ടിടത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണു കോളജ് കാമ്പസില്‍ കരാറുകാരന്‍ മണലെടുത്ത സംഭവമുണ്ടായത്. ഹോസ്റ്റല്‍ നിര്‍മാണത്തിനു കാമ്പസിനകത്തു നിന്നു മണലെടുക്കാന്‍ കരാറുകാരന് അനുമതി നല്‍കിയിരുന്നു. ഈ അനുമതിയുടെ മറവില്‍ കരാറുകാരന്‍ മണല്‍ പുറത്തേക്കു കടത്തുന്നതായാണ് ആരോപണം ഉയര്‍ന്നത്.
പോളി പ്രിന്‍സിപ്പാള്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെ സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. തുടര്‍ന്നു 2008ല്‍ കെട്ടിടം പണി നിലക്കുകയായിരുന്നു.
പരമാവധി ആറുമാസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കണമെന്നു കഴിഞ്ഞ ഭരണത്തില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല.
2012 മാര്‍ച്ച് 12നു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതല യോഗത്തിലായിരുന്നു നിര്‍ദേശം. കരാറുകാരനെ മാറ്റി നിയമിക്കുകയും 7.28 കോടി രൂപയായി നിരക്കു വര്‍ധിപ്പിക്കുകയും ചെയ്തു.
മൂന്നു കോടി രൂപയ്ക്കു തീര്‍ക്കേണ്ടിയിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനായി നിലവില്‍ മൂന്നരക്കോടി രൂപ കരാറുകാരനു നല്‍കി കഴിഞ്ഞു.
ഇതിനു പുറമെയാണ് 7.28 കോടി രൂപ അനുവദിച്ചത്. ഇപ്പോള്‍ പുതുക്കിയ നിരക്കനുസരിച്ചു 10 കോടി രൂപയാണു കരാറുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."