ബാബുരാജിന്റെ വിരലുകള്‍ താളമിട്ട തബല കൈവിടാതെ ആര്‍.വി ഇബ്രാഹിംകുട്ടി
പൊന്നാനി: അമൂല്യമായൊരു നിധിയുണ്ട്. പൊന്നാനിക്കാരനായ ആര്‍.വി ഇബ്രാഹീം കുട്ടിയുടെ കൈയില്‍. എം.എസ് ബാബുരാജിനു വേണ്ടി നിരവധി വേദികളില്‍ താളമായി പെയ്തിറങ്ങിയ തബല. പ്രണയവും വിരഹവും ഇതളിട്ടു വിരിഞ്ഞ മധുരഗാനങ്ങളൊരുക്കാന്‍ ബാബുരാജിനു താളമൊരുക്കിയ അതേ തബല . സംഗീതത്തിന്റെ ലഹരിയില്‍ ജീവിക്കാന്‍ മറന്നു പോയ പൊന്നാനിയിലെ മറ്റേതു പാട്ടുകാരെയും പോലെ ഇബ്രാഹീം കുട്ടിക്കും മരണത്തോളം ഓര്‍ക്കാന്‍ ആ ഓര്‍മകള്‍ മതി. ബാബുരാജിന്റെ മരിക്കാത്ത ഓര്‍മകള്‍. കഴിഞ്ഞ 38 വര്‍ഷയായി ഇബ്രാഹിം കുട്ടിയുടെ സംഗീത ഓര്‍മകളെല്ലാം നിലയ്ക്കാത്ത ആ പാട്ടുകാരനൊപ്പമാണ് .
കമ്യൂണിസവും ഖവാലിയും ഒരേ ഞെട്ടില്‍ വിരിഞ്ഞാണു പൊന്നാനി. പൊന്നാനിയിലെ മുക്കിലും മൂലയിലും ബാബുരാജിന്റെ പാട്ടോര്‍മകള്‍ ഉണ്ട്. ഇബ്രാഹീംകുട്ടിയുടെ കല്യാണത്തിനും അല്ലാതെയും ബാബുരാജ് പൊന്നാനിയില്‍ വന്നിട്ടുണ്ട് . നാട്ടിടവഴികളില്‍ ഒത്തിരി പാടിയിട്ടുണ്ട് . ഓരോ സദസിലും ബാബുരാജിനു വേണ്ടി തബലയൊരുക്കാന്‍ ഇബ്രാഹീം കുട്ടിയുടെ മാന്ത്രിക വിരലുകള്‍ നൃത്തം ചെയ്തിട്ടുണ്ട് .
ബാബുരാജിന് വേണ്ടി മാത്രമല്ല ഇ.കെ അബൂബക്കര്‍, ഖലീല്‍ ഭായ് , വി.എം കുട്ടി എന്നിവര്‍ക്ക് വേണ്ടിയും തബലയില്‍ മാന്ത്രികത തീര്‍ക്കാന്‍ ഇബ്രാഹീംകുട്ടിക്കു ഭാഗ്യം ലഭിച്ചിരുന്നു. ഭാര്യ താഹിറ മികച്ചൊരു ഗായികയാണ്. മകന്‍ അബൂബക്കര്‍ ഷംനാസും മകള്‍ ഫാത്വിമ ഷംലിയും അറിയപ്പെടുന്ന പാട്ടുകാര്‍ തന്നെ .
ബാബുരാജ് ഒന്നിച്ചുള്ള ഓര്‍മകള്‍ തന്നെയാണ് ഇന്നും ഈ കുടുംബത്തെ സംഗീതവുമായി ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ വിരലുകള്‍ക്കു വേഗത നഷ്ടപ്പെട്ടു. ഒരു ഇടര്‍ച്ച പോലുമില്ലാതെ തബലയില്‍ ലോകം തീര്‍ത്തൊരു കാലം ഓര്‍ക്കുകയാണ് ഇബ്രാഹിം കുട്ടിയിന്ന്.
ജനകീയ കലാസമിതിയിലൂടെയാണു പ്രശസ്തരായ ഉസ്താദുമാരാല്‍ ഇബ്രാഹിം കുട്ടി തബലയുടെ താളം ക്രമപ്പെടുത്തിയത്. ഹാര്‍മോണിയത്തില്‍ ഇ.കെ അബൂബക്കറും പക്കി മുഹമ്മദും പാറി നടന്നപ്പോള്‍ ബാബുരാജിന്റെ ഹിന്ദുസ്ഥാനി സംഗീതത്തിനു തബലയില്‍ താളം പകര്‍ന്നത് ഇബ്രാഹിം കുട്ടിയും.
ഇന്ന് ഉച്ചക്കു രണ്ടരയ്ക്കു പൊന്നാനി എ.വി ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന ബാബുരാജ് അനുസ്മരണ ചടങ്ങില്‍ പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മയായ സഹൃദയ സൗഹൃദ സംഘം തബലിസ്റ്റ് ഇബ്രാഹീം കുട്ടിയെ ആദരിക്കും. സ്‌നേഹാദരവിനു പുറമെ ബാബുരാജിന്റെ ഹൃദയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെഹ്ഫിലും ഒരുക്കിയിട്ടുണ്ട്. ഇതിഹാസ ഗായകനും സംഗീതജ്ഞനുമായ ബാബുരാജിന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി പൂക്കുകയാണു പൊന്നാനിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."