മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം ദൃശ്യങ്ങള്‍ കൈവശമുണ്ടായിട്ടും പ്രതികളെ പിടികൂടാതെ പൊലിസിന്റെ ഒത്തുകളി
മലപ്പുറം: സുപ്രഭാതം പ്രാദേശിക ലേഖകന്‍ എന്‍.എം കോയ പള്ളിക്കലിനെ അകാരണമായി മര്‍ദിക്കുകയും കാമറ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്തു നാലു ദിവസം പിന്നിട്ടിട്ടും പൊലിസിന് അക്രമികളെ പിടിക്കാനായില്ല. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
പുളിക്കല്‍ ചാമപ്പറമ്പില്‍ വാര്‍ത്തകള്‍ ശേഖരിക്കാനെത്തിയ സുപ്രഭാതം ലേഖകനെ വളഞ്ഞിട്ട് അക്രമിച്ചു വാഹനവും കാമറയും തകര്‍ക്കുകയായിരുന്നു. പൊലിസിന്റെ കണ്‍മുന്നിലായിരുന്നു ഇത്. കാമറ തട്ടിയെടുക്കുകയും നശിപ്പിച്ച ശേഷം പിന്നീട് പൊലിസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
പ്രശ്‌നത്തെ തുടര്‍ന്നു സംഭവസ്ഥലത്തു പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും പ്രതികളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതടക്കം പ്രതികളെ സംബന്ധിച്ചു എല്ലാ വിവരവും അറിയാമായിരുന്നിട്ടും പൊലിസ് ഒത്തുകളിക്കുകയാണ്. തെരച്ചില്‍ നടത്തുന്നതായി കാണിച്ചു പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ഖാലിദ്, ആബില്‍, അസീസ്, ഉവൈസ്, മുസ്തഫ, അബു, സലീം തുടങ്ങിയവരെ പ്രതികളാക്കിയാണ് കേസെടുത്തത്. ഇവരില്‍ അസീസ് ഗള്‍ഫിലേക്കു മുങ്ങി. മറ്റുള്ളവര്‍ നാട്ടില്‍തന്നെയുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നറിയിച്ചിട്ടു നാലു ദിവസം പിന്നിട്ടെങ്കിലും പ്രതികള്‍ പൊലിസിന്റെ കണ്‍മുന്നില്‍ വിലസുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."