അക്ഷരനഗരിയില്‍ വിസ്മയം തീര്‍ക്കാന്‍ ജംബോ സര്‍ക്കസ് എത്തി
കോട്ടയം: സര്‍ക്കസ് ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും ജംബോ സര്‍ക്കസ് അക്ഷര നഗരിയില്‍. ഏത്യോപ്യന്‍ കലാകാരന്മാരുടെമാസ്മരിക പ്രകടനങ്ങള്‍ക്കൊപ്പം മണിപ്പൂരി, ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രകടനത്തിനും ഇന്നലെ മുതല്‍ തുടക്കം കുറിച്ചു.
കോട്ടയം നാഗമ്പടം മൈതാനത്താണ് കാണികളെ വിസ്മയിപ്പിക്കുന്ന സര്‍ക്കസ് നടക്കുക. അസ്മല്‍ ബര്‍ഹെ, ഇസാനാ അരഗാവി ബസ്രാത്ത് എന്നീ എതോപ്യന്‍ കലാകാരന്മാര്‍ നടത്തുന്ന ഹാറ്റ് ജഗ്ലിങ്, ഫുട് അക്രോബാറ്റ് എന്നിവ കാണികളെ അതിശയിപ്പിക്കും. ഒപ്പം ആഫ്രിക്കന്‍ കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്.
ഹാറ്റ് ജഗ്‌ളിങ്, ഫുട് ആക്രോബാറ്റ് എന്നിവയാണു ഇവരുടെ വിസ്മയ പ്രകടനങ്ങള്‍. ഒരാളുടെ കാലില്‍ കിടന്നു മറ്റേയാള്‍ കാണിക്കുന്ന അഭ്യാസങ്ങളാണ് ഇതിനെ മറ്റു പ്രകടനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഡബിള്‍ സാരി ആക്രോബാറ്റ്, നെറ്റിമേല്‍ ബാംബു, റോളര്‍ ബാലന്‍സ്, ഫിഷ് ആക്ട് എന്നിവയാണു വ്യത്യസ്തമായ പുത്തന്‍ ഇനങ്ങള്‍. കൂടാതെ പോള്‍ ആക്രോബാറ്റിക്‌സ്, ഹ്യൂമണ്‍ പിരമിഡ്, ഫയര്‍ഡാന്‍സ്, ഗ്ലോബിനുള്ളില്‍ നാല് പേരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനം, സാരി ആക്രോബാറ്റ്, സ്പ്രിംഗ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, ഫയര്‍ ഡാന്‍സ്, സ്‌കേറ്റിംഗ് ഫളൈയിംഗ് ട്രീപ്പിള്‍സ് എന്നിവയാണു സര്‍ക്കസിന്റെ പ്രധാനപ്പെട്ട ഐറ്റങ്ങള്‍.
ജീവനുള്ള മത്സ്യങ്ങളെ വായിലൂടെ വിഴുങ്ങി അവയെ ജീവനോടെ തന്നെ പുറത്തേക്കു തുപ്പുന്നു. പച്ച, ചുവപ്പ് നിറത്തിലുള്ള ജലം ഒന്നിച്ചു കുടിച്ചശേഷം നിറം തിരിച്ചു വെള്ളം എട്ടുമിനിട്ടിനുള്ളില്‍ പുറത്തേക്കു കളയുന്നു. നീല, ചുവപ്പ് സ്വര്‍ണ നിറങ്ങളിലുള്ള മക്കാവോ തത്തകള്‍ ജംബോ സര്‍ക്കസിന്റെ മാത്രം പ്രത്യേകതകളാണ്. ദിവസവും ഉച്ചകഴിഞ്ഞു ഒന്നിനും നാലിനും രാത്രി എഴിനുമായി മൂന്നുഷോകളാണുള്ളത്. 100, 150, 200, 250 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."