വടക്കാഞ്ചേരി നിയോജക മണ്ഡലം എല്‍.ഇ.ഡി പ്രഭയിലേക്ക് തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡിയാക്കുന്നു: പദ്ധതിരേഖ സമര്‍പിക്കാന്‍ നിര്‍ദേശം
വടക്കാഞ്ചേരി: നിയോജക മണ്ഡലം എല്‍.ഇ.ഡി പ്രഭയിലേക്ക്. വടക്കാഞ്ചേരി നഗരസഭ അടാട്ട്, കോലഴി, അവണൂര്‍, തോളൂര്‍, കൈപറമ്പ് മുളങ്കുന്നത്തുകാവ്, തെക്കുംകര പഞ്ചായത്തുകളിലെ തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി വിളക്കുകളാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ വൈദ്യുതി വകുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ ചിലവഴിച്ചാണ് രാജ്യത്ത് ആദ്യമായി ഈ പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പിലാക്കുന്നത്. നിലവില്‍ ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തെരുവ് വിളക്കുകളുടെ നവീകരണം വരുന്നില്ല. അതുകൊണ്ടു തന്നെ ധനമന്ത്രി ഡോ. തോമാസ് ഐസക്കിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി നടത്തിപ്പ്. ഇതിന് മുന്നോടിയായി തൃശൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫിസില്‍ വച്ച് വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വിസ് ലിമിറ്റഡിന്റെ സഹായം തേടും. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ 40 വാട്ടില്‍ കുറയാത്തതും, പഞ്ചായത്ത് നഗരസഭ റോഡുകളില്‍ 18 വാട്ടില്‍ കുറയാത്തതുമായ വിളക്കുകള്‍ സ്ഥാപിക്കും. ഓരോ പഞ്ചായത്തിനും, നഗരസഭക്കും പ്രത്യേകമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. ഊര്‍ജ സംരക്ഷണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു പഞ്ചായത്തിന് വൈദ്യുതി ചാര്‍ജ് ഇനത്തിലും, മെയിന്റനന്‍സ് ഇനത്തിലും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന വിലയിരുത്തലും ശക്തമാണ്. ആലോചന യോഗത്തില്‍ വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ ഡോളി പോള്‍, സൗദാമിനി, രവീന്ദ്രന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഇ.എന്‍.വി സുനില്‍, ഷാജു, റഷീദ്, മനോജ്, ഭാഗ്യലക്ഷ്മി, കെ.കെ സിന്ധു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."