ഗുജറാത്ത് വ്യവസായ സമ്മിറ്റില്‍ സഊദിയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും
റിയാദ്: ജനുവരിയില്‍ നടക്കുന്ന ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ സഊദി വ്യവസായികളെ ക്ഷണിച്ച് ഗുജറാത്ത് പ്രതിനിധികള്‍ സഊദിയിലെത്തി. രാജ്യത്തെ പ്രധാന നഗരികളായ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി ഗുജറാത്ത് സംഘം ചര്‍ച്ച നടത്തി.
അടുത്ത വര്‍ഷം ജനുവരിയിലാണ് ഗുജറാത്തില്‍ 'വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്' എന്ന പേരില്‍ വ്യവസായ സമ്മിറ്റ് നടക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. പ്രതീക്ഷിച്ചതില്‍ കവിഞ്ഞ പ്രതികരണമാണ് ലഭിച്ചതെന്ന് സംഘം വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപത്തി അഞ്ചോളം സംരംഭകര്‍ 'വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റി'ല്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് രാജീവ് കുമാര്‍ പറഞ്ഞു.
സംരംഭകരെ തേടി ഗുജറാത്ത് സര്‍ക്കാറിന്റെ 15 അംഗ സംഘം പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് സംഘം സഊദിയിലെത്തിയത്.
കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന യോഗത്തില്‍ അമ്പതോളം പ്രമുഖ വ്യവസായികളാണ് പങ്കെടുത്തത്. സോളാര്‍ പവര്‍, രാസ വസ്തുക്കളുടെ കയറ്റുമതി, പ്ലാസ്റ്റിക് വ്യവസായം എന്നീ മേഖലകളിലാണ് നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിവരം.
ആരോഗ്യമേഖലയില്‍ നിക്ഷേപമിറക്കുന്നതിന് രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദിന്‍ ഗ്രൂപ്പിനെയും ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യ ടൂറിസം, വിമാനത്താവള വികസനം എന്നീ മേഖലകളില്‍ സൗദി അറേബ്യയില്‍ നിന്ന് നിക്ഷേപകരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ, ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി കഴിഞ്ഞ ഏപ്രിലില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിയതിനു പുറമെ ലൈസന്‍സ് ഉള്‍പെടെയുള്ള രേഖകള്‍ അതിവേഗം അനുവദിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന ഏകജാലക സംവിധാനവും ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."