സഊദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം കൊണ്ട് വരാൻ നീക്കം: നിയമം ശൂറാ കൗൺസിലിലേക്ക്
റിയാദ്: സഊദി അറേബ്യയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതു മണിക്ക് തന്നെ അടക്കണമെന്ന നിയമം വീണ്ടും ചർച്ചയാവുന്നു. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതു മണിക്ക് തന്നെ അടക്കണമെന്ന നിയമം കൊണ്ട് വരുന്നതിനെ തുറിച്ചു തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ചർച്ചകൾ തുടരുകയാണ്. തീരുമാനമായാലും ശൂറാ കൗൺസിലിൽ അംഗീകാരം നേടിയാൽ മാത്രമേ നിയമമായി മാറുകയുള്ളൂ.
രാജ്യത്തു നിലവിൽ വ്യാപാര സ്ഥാപനങ്ങൾ പൊതുവിൽ അർദ്ധ രാത്രി പന്ത്രണ്ടു മാണി വരെയാണ് പ്രവർത്തിക്കുന്നത്. രാവിലെ തുറക്കുന്ന സ്ഥാപനങ്ങൾ ഉച്ചക്ക് അടച്ചു വീണ്ടും വൈകീട്ട് ഏകദേശം നാലുമണിയോടെ തുറന്നു രാത്രി പന്ത്രണ്ടു മണിക്കാണ് വീണ്ടും അടക്കുന്നത്. എന്നാൽ നിലവിലെ സ്ഥിതിയിൽ നിന്നും സമയം മാറ്റി നേരത്തേയാക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇതിനെ എതിർക്കുന്നവർ ഉയർത്തുന്ന വാദം. മാത്രമല്ല ഷോപ്പിംഗ് കോംപ്ലക്സിനും പുറത്തെ സ്ഥാപനങ്ങൾക്കും രണ്ടു സമയം വെക്കുന്നത് സാധാരണ കച്ചവടക്കാരെ ബാധിക്കുമെന്നും ഇക്കൂട്ടർ ചൂണ്ടി കാണിക്കുന്നുണ്ട്.
മാത്രമല്ല, നിലവിൽ ഓരോ നിസ്കാര സമയത്തും രാജ്യത്തെ കച്ചവട സ്ഥാപനങ്ങൾ പള്ളികളിലെ നിസ്കാര സമയം കഴിയുന്നത് വരെ ഏകദേശം ഇരുപത്തഞ്ചു മിനിറ്റോളം സ്ഥാപനങ്ങൾ അടച്ചിടുന്നത് പതിവാണ്. എന്നാൽ രാത്രി ഒൻപതു മണിക്ക് അടക്കേണ്ടി വരുമ്പോൾ അടുത്തടുത്ത് വരുന്ന രണ്ടു നിസ്കാരങ്ങൾക്കും കൂടി സ്ഥാപനങ്ങൾ അടക്കേണ്ടി വരുന്നതിനാൽ രാത്രി കച്ചവടത്തിന് സമയമുണ്ടാകില്ലെന്നും കച്ചവടക്കാർ പരാതി ഉയർത്തിയിട്ടുണ്ട്. എന്നാൽ, രാത്രി സമയത്തെ നിസ്കാരത്തിനു അഞ്ചു മിനുട്ട് മാത്രം അടച്ചാൽ മതിയെന്ന തീരുമാനം തൊഴിൽ സാമൂഹിക മന്ത്രാലയം അംഗീകാരച്ചതായാണ് സൂചന. നേരത്തെയും പല തവണ ചർച്ചകൾക്ക് വിധേയമായ സ്ഥാപനങ്ങളുടെ സമയ ക്രമം ഇത്തവണ അംഗീകരിക്കും എന്നാണു കരുതുന്നത്.
നിയമം പ്രാബല്യത്തിലായാൽ രാത്രി കാലം പകൽ പോലെ കൊണ്ട് നടന്നിരുന്ന രാജ്യത്തെ അനേക വർഷത്തെ പാരമ്പര്യം തീർത്തും മാറി പുതിയ ജീവിത രീതിയിലേക്ക് തന്നെ ജനങ്ങൾ മാറുമെന്ന പ്രത്യേകതയും ഈ നിയമത്തിന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."