പ്രൈവറ്റ് ഹാജിമാര്‍ക്കുള്ള മരുന്ന് വിതരണത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനാസ്ഥ
മലപ്പുറം: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ച പ്രൈവറ്റ് ഹാജിമാര്‍ക്കു വേണ്ടിയുള്ള കുത്തിവയ്പ്പിന്റെ മരുന്ന് വിതരണം ചെയ്യുന്നതില്‍ ആരോഗ്യ മന്ത്രാലയം കാലതാമസം വരുത്തിയതിനെതിരേ ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ഹജ്ജ് അവലോകന യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാരുടെ യാത്ര വൈകിയതുകൊണ്ടായിരുന്നു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ആദ്യ ദിവസങ്ങളില്‍ യാത്ര ചെയ്ത ഹാജിമാര്‍ക്ക് കുത്തിവയ്പ്പ് ലഭിക്കാതെ പോയത്. ഇതുവഴി സ്വകാര്യ ഹാജിമാര്‍ക്കു ലഭിക്കേണ്ട മരുന്നുകളില്‍ പകുതിയോളം ഉപയോഗ ശൂന്യമായി. ഈ മരുന്നുകള്‍ തിരിമറി നടത്തുന്നുണ്ടോയെന്ന് അന്വേഷണ വിധേയമാക്കണമെന്ന് യോഗം പരാതിപ്പെട്ടു. വരും വര്‍ഷങ്ങളില്‍ കുത്തിവയ്പ്പിനുള്ള മരുന്നുകള്‍ നേരത്തെ എത്തിക്കുന്നതിനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ ഹാജിമാര്‍ക്ക് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വരും വര്‍ഷങ്ങളില്‍ ഒഴിവാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സന്നദ്ധമാകണം. സഊദി ഗവണ്‍മെന്റ് മുഴുവന്‍ ഹാജിമാര്‍ക്കും എല്ലാ ചികിത്സയും സൗജന്യമായി നല്‍കുന്നതിനാല്‍ ഈ നിയമം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഭീമമായ വരുമാനം ഉണ്ടാക്കിക്കൊടുക്കാനേ ഉപകരിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
ഹജ്ജ് ലൈസന്‍സില്ലാതെ ഹജ്ജ് ബുക്കിങ് സ്വീകരിച്ചു ഹാജിമാരെ കൊണ്ടു പോകാന്‍ കഴിയാതെ ചൂഷണം ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളെയും വ്യക്തികളെയും തീര്‍ഥാടകര്‍ കരുതിയിരിക്കണം. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധമായ കേസുകള്‍ നില നില്‍ക്കുന്നതിനാല്‍ ഹജ്ജ് ബുക്കിങിനു ട്രാവല്‍ ഏജന്‍സികളെ സമീപിക്കുമ്പോള്‍ ലൈസന്‍സുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പട്ടാമ്പി അധ്യക്ഷനായി. പി.കെ.എം ഹുസൈന്‍ ഹാജി പുത്തനത്താണി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, സി. മുഹമ്മദ് ബശീര്‍ മണ്ണാര്‍ക്കാട്, അഡ്വ. പീര്‍ മുഹമ്മദ് തിരുവനന്തപുരം, അഹ്മദ് ദേവര്‍കോവില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."