പ്രാര്‍ഥനാ തീരമായി മമ്പുറം; നേര്‍ച്ചയ്ക്ക് ഇന്ന് കൊടിയിറങ്ങും
തിരൂരങ്ങാടി (മമ്പുറം): ആത്മീയ പ്രഭയണിഞ്ഞ മമ്പുറം മഖാം ഇന്നലെ തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു. 178ാമത് മമ്പുറം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികളാണ് കണ്ണികളായത്. പുണ്യം നേടാന്‍ ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്താല്‍ ഉച്ചയോടെ മഖാമും പരിസരവും കവിഞ്ഞൊഴുകി. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ സംഘാടകര്‍ പുതിയ പാലം തുറന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി.
ഇരു പാലങ്ങളിലുടെയുമുള്ള സഞ്ചാരം സുഖകരമാക്കാന്‍ പൊലിസും വളണ്ടിയേഴ്സും ഏറെ പാടുപെട്ടു. വൈകീട്ട് ഏഴോടെ തുടങ്ങിയ പ്രാര്‍ഥനാ സമ്മേളനം കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. സയ്യിദ് ഫള്ല് തങ്ങള്‍ മേല്‍മുറി, ഹാജി എ. മരക്കാര്‍ മുസ്ലിയാര്, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കാളാവ് സൈതലവി മുസ്ലിയാര്, ആറ്റക്കോയ തങ്ങള്‍ വി.കെ പടി, ആനമങ്ങാട് അബ്ദുറഹ്മാന് മുസ്ലിയാര്, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്, സൈതാലിക്കുട്ടി ഫൈസി, കെ. എം സൈതലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി സംബന്ധിച്ചു.
പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് അന്നദാനം വിതരണം ചെയ്യുന്നത്.
ഉച്ചയ്ക്ക് രണ്ടിന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനയോടെ ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."