വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന് വന്യജീവി ഫോട്ടോ പ്രദര്‍ശനം
കയ്പമംഗലം: വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന് ഒരു വന്യജീവി ഫോട്ടോ പ്രദര്‍ശനം. വന്യജീവി ഫോട്ടോ ഗ്രാഫര്‍മാരായ സീമ സുരേഷിന്റേയും ഷാജി മതിലകത്തിന്റേയും ഫോട്ടോ പ്രദര്‍ശനമാണ് വിദ്യാര്‍ഥികളില്‍ കൗതുകവും അത്ഭുത കാഴ്ചയുമൊരുക്കിയത്.
പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫോറസ്ട്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനമാണ് വിദ്യാഥികളില്‍ കൗതുകമുണര്‍ത്തിയത്. സീമ സുരേഷിന്റേതായി പ്രദര്‍ശനത്തിലുണ്ടായിരുന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട വനങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളാണ്. ഭരത്പൂര്‍ പക്ഷി സാങ്കേതത്തില്‍ നിന്നെടുത്ത സരസ്‌ക്രെയ്ന്‍, മഹാരിഷ്ട്രയിലെ തഡോബ കടുവ സാങ്കേതത്തിലെ കടുവ, അതിരപ്പിള്ളിയിലെ മലമുഴക്കി വേഴാമ്പല്‍, ബന്ദിപ്പൂരിലെ പ്രിന്‍സ് എന്ന കടുവ, പീലി നിവര്‍ത്തിയാടുന്ന മയില്‍, കബനിയിലെ കാട്ടു നായ്ക്കള്‍ തുടങ്ങിയവ സീമ സുരേഷിന്റെ ഫോട്ടോ പ്രദര്‍ശനങ്ങളില്‍ ചിലതാണ്. പറമ്പിക്കുളത്തെ പുഴയോരത്ത് വിശ്രമിക്കുന്ന കടുവ, കാട്ടാനയുടെ മുലപ്പാല്‍ നുകരുന്ന ആനക്കുട്ടി, ചരിഞ്ഞ കുട്ടിയാനയുടെ ജഡത്തിന് കാവല്‍ നില്‍ക്കുന്ന കാട്ടാനക്കൂട്ടം, ഷോളയാര്‍ വനത്തിലെ മലമുഴക്കി വേഴാമ്പല്‍കൂട്ടം, മലമുകളിലെ തേയിലത്തോട്ടത്തില്‍ നിന്ന് തുമ്പിക്കൈയാല്‍ തേയില നുള്ളിയെടുക്കുന്ന കൂറ്റന്‍ കാട്ടാന, ഷോളയാര്‍ ഡാമിലൂടെ നീന്തുന്ന കാട്ടാന തുടങ്ങിയവയെല്ലാം ഷാജി മതിലകത്തിന്റെ ഫോട്ടോ പ്രദര്‍ശനത്തില്‍ ഇടം പിടിച്ചവയാണ്. ചിത്ര പ്രദര്‍ശനത്തിന് പുറമെ കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തിനു വേണ്ട ബോധവല്‍ക്കരണവും നല്‍കി. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനില്‍ക്കുന്നതിന്റെ ആവശ്യകത, ഇനി ബാക്കിയുള്ള പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുകയും മണ്ണില്‍ നിക്ഷേപിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."