പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ആറുലക്ഷം രൂപയുടെ ലഹരി ഉല്പന്നങ്ങള് പിടികൂടി
കാസര്‍കോട്: മംഗളൂരുവില്‍ നിന്നു കാഞ്ഞങ്ങാട്ടേക്കു പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ആറു ലക്ഷം രൂപ വിലവരുന്ന പാന്‍മസാലകള്‍ ഉള്‍പ്പെടെയുള്ള ലഹരി ഉല്പന്നങ്ങള് പിടികൂടി.
സംഭവത്തില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഉല്പന്നങ്ങള് കണ്ടെത്തിയത്.
ലോറി ഡ്രൈവര്‍ വിദ്യാനഗര്‍ ബെദിരയിലെ സൈനുദ്ദീന്‍ (53), അടുക്കത്ത്ബയലിലെ നവീന്‍ കുമാര്‍(38), പാറക്കട്ടയിലെ രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. പാന്‍മസാല കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു.
സി.ഐ അബ്ദുല്‍ റഹീമിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് ടൗണ്‍ എസ്.ഐ വരുണ്‍ ജി കൃഷ്ണ, പൊലിസുകാരായ ഗോകുല്‍, നാരായണന്, പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ കറന്തക്കാട്ടു വച്ചാണു ലോറി തടഞ്ഞു ഉല്പന്നങ്ങള് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അതിര്‍ത്തി കടന്നു പച്ചക്കറി ലോറിയില്‍ ലഹരി ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്നു സി.ഐ അബ്ദുല്‍ റഹീമിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ കറന്തക്കാടു വച്ചു വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തുകയായിരുന്നു.
വാഹന പരിശോധനക്കിടെ എത്തിയ ലോറി പൊലിസ് നേരെ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചു. പച്ചക്കറികളുടെ ഇടയില്‍ പ്രത്യേകം പൊതിഞ്ഞു വെച്ചിരുന്ന ലഹരി ഉല്പന്നങ്ങളാണ് പൊലിസ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."